കൊല്ലം: പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ 60കാരന് 23 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് എ സമീർ ആണ് ശിക്ഷ വിധിച്ചത്. കൊല്ലം ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശി സത്യനാണ് പ്രതി.
പെൺകുട്ടി വീട്ടിലെത്തുമ്പോഴെല്ലാം പ്രതി തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സ്‌കൂളിലെ ക്ളാസ് കൗൺസിലിംഗ് സമയത്ത് ലഭിച്ച ചൈൽഡ് ലൈൻ നമ്പർ കുട്ടി കുറിച്ചിട്ടു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ട് പീഡനവിവരം അറിയിക്കുകയായിരുന്നു. 2023ലാണ് സത്യനെതിരെ കേസെടുത്തത്.
സമാനമായ മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുകയാണ് സത്യൻ. ശൂര്യനാട് പൊലീസ് ഇൻസ്‌പെക്‌ടമാരായ സുധീഷ് കുമാർ, ജോസഫ് ലിയോൺ എന്നിവർക്കായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. കേസിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്‌തരിച്ചു, 29 രേഖകളും ഹാജരാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |