SignIn
Kerala Kaumudi Online
Sunday, 17 August 2025 1.59 PM IST

വിമർശനങ്ങൾക്കിടയിലും വികസനത്തിന്റെ ചൂളംവിളി

Increase Font Size Decrease Font Size Print Page
rail-knr

വിവാദങ്ങളടങ്ങിയില്ലെങ്കിലും 300 കോടിയുടെ വികസന പദ്ധതിയ്ക്ക് തുടക്കമിട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരം. സ്വകാര്യ കമ്പനിക്ക് പൊതുമുതൽ ഭൂമി പാട്ടത്തിന് നൽകിയതിനെതിരെ ശക്തമായ പ്രതിഷേധം നടന്നെങ്കിലും, പുതിയ കണ്ണൂരിന്റെ സ്വപ്നം പടുത്തുയർത്താനുള്ള പ്രവർത്തനങ്ങളും അതിവേഗത്തിൽ മുന്നോട്ട് പോകുന്നു.

പ്രതിഷേധം ഫലം കണ്ടില്ലെങ്കിലും..

2022 സെപ്തംബറിൽ റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ 7.19 ഏക്കർ ഭൂമി ടെൻഡർ വിളിച്ച് പാട്ടത്തിന് നൽകാനുള്ള നടപടികൾ ആരംഭിച്ചു. 126 കോടിയോളം മതിപ്പുവില വരുന്ന ഭൂമി കണ്ണൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ എം.പി. ഹസൻകുഞ്ഞിയുടെ നേതൃത്വത്തിലുള്ള ടെക്‌സ്‌വർത്ത് ഇന്റർനാഷണൽ കമ്പനി 45 വർഷത്തേക്ക് 24.63 കോടിക്ക് സ്വന്തമാക്കി. വിവരം പുറത്തായതോടെ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും യുവജന സംഘടനകളും രംഗത്തുവന്നു. ഭൂമി കൈമാറ്റത്തിന് പിന്നിൽ റെയിൽവേയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെയും മൂലധന ശക്തികളുടെയും ഗൂഢാലോചനയാണെന്നും റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റിവ് കമ്മിറ്റി, കെ. സുധാകരൻ എം.പി, ഇടത് യുവജന സംഘടനകൾ ആരോപിച്ചു. പ്രതിഷേധക്കാർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു.


വികസനത്തിന്റെ പുതിയ ചുവടുകൾ

പ്രതിഷേധങ്ങൾക്കിടയിലും കരാറിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച മുതൽ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുള്ള റെയിൽവേ ആരോഗ്യകേന്ദ്രത്തിന്റെ നവീകരണ പണികൾ ഇതിനോടകം തുടങ്ങി. 2,500 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ആരോഗ്യകേന്ദ്രം രൂപപ്പെടുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഈ പ്രവർത്തനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സ്റ്റേഷന്റെ കിഴക്കേ കവാട പരിസരത്തെ 2.26 ഏക്കറിൽ 8 ലക്ഷം സ്‌ക്വയർഫീറ്റ് കെട്ടിട സമുച്ചയത്തിന്റെ പണികൾക്കുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി. 14 നിലയുള്ള ഇരട്ട ടവർ സമുച്ചയത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കായി അത്യാധുനിക ക്വാർട്ടേഴ്സുകൾ വരും.

വാണിജ്യവത്ക്കരണത്തിന്റെ മുഖം

സ്റ്റേഷന്റെ മുൻവശത്തെ 4.93 ഏക്കർ ഭൂമിയിൽ വരുന്ന വാണിജ്യ സമുച്ചയമാണ് ഈ പദ്ധതിയുടെ ഹൈലൈറ്റ്. എ.ടി.എം മുതൽ സൂപ്പർ മാർക്കറ്റ് വരെയുള്ള സൗകര്യങ്ങൾ, പ്ലേ സ്‌കൂൾ, ചിൽഡ്രൻസ് പാർക്കുകൾ എന്നിവയൊക്കെ ഉൾക്കൊള്ളുന്ന ഈ സമുച്ചയം 20,000 ചതുരശ്രയടി വിസ്തീർണത്തിൽ വരും. 400 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന നാലുനില മൾട്ടി പാർക്കിംഗ് പ്ലാസയും (2 ലക്ഷം ചതുരശ്രയടി) പദ്ധതിയുടെ ഭാഗമാണ്. മുനീശ്വരൻ കോവിൽ ഭാഗത്ത് പ്രവേശന സൗകര്യവും ഒരുക്കും.

അതിവേഗ നിർമാണമാണ് പദ്ധതിയുടെ പ്രത്യേകത. 3 മാസത്തിനുള്ളിൽ ആരോഗ്യകേന്ദ്രം പ്രവർത്തനക്ഷമമാകും. 6 മുതൽ 12 മാസത്തിനുള്ളിൽ മൾട്ടി ലെവൽ പാർക്കിംഗ് നിർമാണം പൂർത്തിയാകും. 2 മുതൽ 3വർഷത്തിനുള്ളിൽ 14 നില ടവറുകളുടെ പൂർത്തീകരണവും 5 വർഷത്തിനുള്ളിൽ സമ്പൂർണ വാണിജ്യ സമുച്ചയത്തിന്റെ പ്രവർത്തനവുമാണ് ലക്ഷ്യം.

വിമർശനങ്ങളും ആശങ്കകളും
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ എൻ.എസ്.ജി 2 (നോൺ സബർബൻ) പദവിക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് വാണിജ്യവത്ക്കരണത്തിന് മുൻഗണന നൽകുന്നതെന്നാണ് പ്രധാന വിമർശനം. നാലാം പ്ലാറ്റ്‌ഫോമിന്റെ അഭാവം, രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന് വീതിയില്ലാത്ത പ്രശ്നം, സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന എന്നിവയെല്ലാം നിലനിൽക്കെ സ്വകാര്യ കമ്പനിക്ക് ഭൂമി കൈമാറിയതിലാണ് പ്രധാന എതിർപ്പ്. വാണിജ്യ സമുച്ചയം വന്നാൽ റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡിന് വീതി കൂട്ടാൻ കഴിയില്ലെന്നും സ്റ്റേഷൻ വികസനത്തിന് ആവശ്യമായ സ്ഥലം കുറയുമെന്നുള്ള ആശങ്കയുമുണ്ട്.

എതിർ വാദങ്ങൾക്കിടയിലും പദ്ധതിയെ പിന്തുണയ്ക്കുന്ന വാദങ്ങളുമുണ്ട്. ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് പാട്ടത്തിന് നൽകിയതെന്ന് റെയിൽവേ വിശദീകരിക്കുന്നു. റെയിൽവേയ്ക്ക് അധിക വരുമാനം ലഭിക്കുമെന്നും യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാകുമെന്നുമാണ് അനുകൂലികളുടെ വാദം. യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിൽ മുൻനിരയിലുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളുള്ള ഒരു കേന്ദ്രമായി മാറാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്.

ഉടനടി നടപ്പാകുന്ന പ്രവർത്തനങ്ങൾ:


 മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുള്ള റെയിൽവേ ആരോഗ്യകേന്ദ്രത്തിന്റെ നവീകരണം 2,500 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ആധുനിക സൗകര്യങ്ങളോടെ
 റെയിൽവേ കോളനി സമുച്ചയം
 8 ലക്ഷം സ്‌ക്വയർഫീറ്റ് കെട്ടിട സമുച്ചയം

 14 നിലയുള്ള ഇരട്ട ടവർ

 റെയിൽവേ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കായി ക്വാർട്ടേഴ്സ് സമുച്ചയങ്ങൾ

 റെയിൽവേ സ്റ്റേഷൻ മുൻവശത്തെ 4.93 ഏക്കർ ഭൂമിയിൽ വാണിജ്യ സമുച്ചയം


അതിവേഗ നിർമാണം ലക്ഷ്യം

 3 മാസത്തിനുള്ളിൽ ആരോഗ്യകേന്ദ്രം.
 6 മുതൽ 12 മാസം: മൾട്ടി ലെവൽ പാർക്കിംഗ് നിർമ്മാണം.
 2 മുതൽ 3 വർഷം: 14 നില ടവറുകളുടെ പൂർത്തീകരണം.
 5 വർഷം: സമ്പൂർണ്ണ വാണിജ്യ സമുച്ചയത്തിന്റെ പ്രവർത്തനം

TAGS: KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.