തിരുവനന്തപുരം: ആറ് മാസങ്ങൾക്ക് മുമ്പ് ഓൺലൈൻ തട്ടിപ്പിന് ഇരയായ പ്രവാസി എഞ്ചിനിയർ വീണ്ടും തട്ടിപ്പിന് ഇരയായി. ആറ് മാസങ്ങൾക്ക് മുമ്പ് 3.75 കോടി രൂപയാണ് തട്ടിയതെങ്കിൽ ഇന്ന് 13 കോടിയുടെ തട്ടിപ്പിനാണ് ഇദ്ദേഹം ഇരയായത്. കവടിയാർ ജവഹർ നഗറിലെ ഫ്ളാറ്റിൽ താമസിക്കുന്ന 69കാരനാണ് പണം നഷ്ടമായത്. പരാതിക്കാരൻ വർഷങ്ങളായി ട്രേഡിംഗ് നടത്തുന്നയാളാണ്.
അംഗീകൃത ഷെയർ ട്രേഡിംഗ് കമ്പനികളുടെ പേരിലാണ് ഇപ്പോൾ തട്ടിപ്പ് സംഘം കെണിയിൽ വീഴ്ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സമാന്തരമായി രണ്ട് പ്ലാറ്റ്‌ഫോമിൽ ഇയാൾ ഓൺലൈൻ ട്രേഡിംഗ് നടത്തിയിരുന്നു. മേയിൽ നടന്ന ആദ്യ തട്ടിപ്പിൽ 69കാരൻ പരാതിയുമായി എത്തിയപ്പോൾ രണ്ടാമത്തെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ ട്രേഡിംഗ് നടത്തുന്ന വിവരം പൊലീസിൽ നിന്ന് മറച്ചുവച്ചിരുന്നു.
ഷെയർ ട്രംഡിംഗിലൂടെ അമിതലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് സൈറ്റിൽ കയറാനുള്ള ലിങ്കുകൾ അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ് സംഘം വീണ്ടും പണം കവർന്നത്. രണ്ട് ഇമെയിൽ ഐഡികളിൽ നിന്ന് സന്ദേശങ്ങൾ വന്നു തുടങ്ങി. വ്യക്തിഗത വിവരങ്ങൾ എല്ലാം ശേഖരിച്ച ശേഷം 21,000 രൂപ അയച്ചുകൊടുത്തു. ഇതിന് ശേഷം ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു. ഒട്ടേറെ അംഗങ്ങളുള്ള ഗ്രൂപ്പിൽ പലരും നേട്ടങ്ങളെക്കുറിച്ച് വിവരിച്ചു. കൂടാതെ ഒട്ടേറെ പേർ കോടിക്കണക്കിന് രൂപ ലഭിച്ചതിനെക്കുറിച്ചുള്ള രേഖകൾ പങ്കുവച്ചു.
ഇതെല്ലാം വിശ്വസിച്ച പരാതിക്കാരൻ ആദ്യം കുറച്ച് പണം നിക്ഷേപിച്ചു. അടുത്ത ദിവസം തന്നെ ഈ പണം ഇരട്ടിയായി ആപ്പിൽ കാണിച്ചു. ഇതോടെ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. ആകെ 39 അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയച്ചെന്ന് പരാതിക്കാരൻ പറയുന്നു. ഇതോടൊപ്പം നിക്ഷേപിച്ച പണത്തിന് ഇൻഷുറൻസ് പരിരക്ഷയ്‌ക്കെന്ന പേരിൽ പണം വാങ്ങി. ഇതോടെയാണ് പരാതിക്കാരന് സംശയം തോന്നിയത്. 38 വർഷം പ്രവാസലോകത്ത് നിന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് തട്ടിപ്പ് സംഘം കവർന്നതെന്ന് സൈബർ പൊലീസ് പറഞ്ഞു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |