തിരുവനന്തപുരം: ടൂറിസം വികസനം ഉൾപ്പെടെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അഞ്ച് റോപ് വേകൾ നിർമ്മിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ശബരിമല, അതിരപ്പിള്ളി, മൂന്നാർ, മലയാറ്റൂർ എന്നിവിടങ്ങളിലും വയനാട് ചുരത്തിനു സമാന്തരമായി കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിച്ചുമാണിത്. വയനാട്ടിലേത് സംസ്ഥാന സർക്കാരും മറ്റുള്ളവ കേന്ദ്ര സർക്കാരിന്റെ പർവത്‌മാല പദ്ധതിയുടെ ഭാഗവുമായാണ് നിർമ്മിക്കുന്നത്.
കേന്ദ്ര പദ്ധതി പ്രകാരമുള്ള റോപ് വേകൾ നാഷണൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ലിമിറ്റഡാണ് (എൻ.എച്ച്.എൽ.എം) നിർമ്മിക്കുക. സാദ്ധ്യതാപഠനം നേരത്തെ നടത്തിയിരുന്നു. ഡി.പി.ആർ (വിശദ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കാൻ കരാർ ക്ഷണിച്ചു.
വയനാട്ടിലേത് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാകും (പി.പി.പി) നടപ്പാക്കുക. ചുമതല കെ.എസ്.ഐ.ഡി.സിക്ക്. ചെലവ് 100 കോടി. 2023 ഒക്‌ടോബർ 20ന് ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിൽ വെസ്റ്റേൺ ഗാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് റോപ് വേ പദ്ധതി നിർദ്ദേശം മുന്നോട്ടുവച്ചത്.
റോപ് വേകൾ
ശബരിമല
പമ്പ- സന്നിധാനം 2.62 കി.മീറ്റർ
മൂന്നാർ
വട്ടവട- മൂന്നാർ 18.30 കി.മീറ്റർ
ആതിരപ്പള്ളി
ടിക്കറ്റ് കൗണ്ടർ- വെള്ളച്ചാട്ടത്തിന് എതിർവശം 350 മീറ്റർ
മലയാറ്റൂർ
മണപ്പാട് ചിറ- മലയാറ്റൂർ 1.63 കി.മീറ്റർ
വയനാട്
അടിവാരം- ലക്കിടി 3.67 കി.മീറ്റർ
ശബരിമലയിൽ സംസ്ഥാന സർക്കാരിനും പദ്ധതി
ശബരിമലയിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ റോപ് വേ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തത്വത്തിൽ ധാരണയായിരിക്കെയാണ് കേന്ദ്ര പദ്ധതി വരുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് 2.9 കിലോമീറ്ററിലാണിത്. 18 വർഷമായി ഇതിനായി ആലോചന തുടങ്ങിയിട്ട്. വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതിനാലാണ് നീളുന്നത്. അതേസമയം, കേന്ദ്രപദ്ധതിയെ കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൃത്യമായി വിവരം ലഭിച്ചിട്ടില്ല. സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നുവെന്നും കേന്ദ്ര പദ്ധതിയുടെ വിശദാംശങ്ങൾ അറിയില്ലെന്നും ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |