തിരുവനന്തപുരം: വിജിലൻസ് അന്വേഷണറിപ്പോർട്ടിൽ എഡിജിപി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിഷയത്തിൽ വിജിലൻസ് കോടതിയുടെ നിശിത വിമർശനത്തിനിരയായ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലൻസ് മാനുവലിന് വിരുദ്ധമായി പ്രവർത്തിക്കുകയും അധികാരമില്ലാതിരിക്കെ തന്നെ വിജിലൻസ് റിപ്പോർട്ടിൽ ഇടപെട്ട് ആരോപണവിധേയനായ 'സ്വന്തക്കാരനായ' ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്ന അസാധാരണ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.
സാധാരണ ഗതിയിൽ വിജിലൻസ് പ്രവർത്തിക്കുന്നത് വിജിലൻസ് മാനുവൽ അനുസരിച്ചാണ്. വിജിലൻസിന്റെ ചുമതലയുള്ള മന്ത്രിയും പ്രവർത്തിക്കേണ്ടത് ഇതേ വിജിലൻസ് മാനുവൽ അനുസരിച്ചാണ്. ഈ മാനുവൽ അനുസരിച്ച് അജിത് കുമാറിനെതിരെയുള്ള കേസ് വിജിലൻസ് അന്വേഷിച്ചു കഴിഞ്ഞാൽ ആ റിപ്പോർട്ട് സമർപ്പിക്കേണ്ടത് കോടതിയിലാണ്. കോടതി പരിശോധിച്ച ശേഷമാണ് മേൽനടപടികൾ ഉണ്ടാകേണ്ടത്. വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രിക്ക് അഡ്മിനിസ്‌ട്രേറ്റിവ് ആയ കാര്യങ്ങളിൽ മാത്രമേ ഇടപെടാൻ അധികാരമുള്ളു. കേസുകളിൽ ഇടപെടാൻ അധികാരമില്ല. ക്ളീൻ ചിറ്റ് നൽകാനും അധികാരമില്ല. ഇതിനു കടകവിരുദ്ധമായി അജിത് കുമാറിനെ കുറ്റവിമുക്തനാക്കാനുള്ള ധൃതിയാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രിയുടെ നോട്ടോടുകൂടിയ ഫയലാണ് വിജിലൻസ് കോടതിയിൽ പ്രോസിക്യൂട്ടർ അവതരിപ്പിച്ചത്. ഇതേത്തുടർന്നാണ് ജഡ്ജി അതിശക്തമായി വിമർശനം നടത്തിയത്.
കോടതി പരാമർശത്തിന്റെ പേരിൽ നിരവധി മന്ത്രിമാർ കേരളത്തിൽ രാജി വെച്ചിട്ടുണ്ട്. വഞ്ചിയൂർ വിജിലൻസ് കോടതി നടത്തിയ അതിനിശിതമായ വിമർശനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയുകയാണ് വേണ്ടത്. പുറത്തു നിന്നുള്ള ഏതോ അദൃശ്യശക്തിയാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് തുടങ്ങിയ പരാമർശങ്ങൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടായത് അതീവ ഗൗരവത്തോടെ തന്നെ കാണം. ഇവിടെ ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.. മുഖ്യമന്ത്രിയോ അതോ മുഖ്യമന്ത്രിയുടെ ഓഫീസോ അതോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ എന്ന് സർക്കാർ വ്യക്തമാക്കണം.
അജിത് കുമാറിനെതിരെയുള്ള പരാതിയിൽ പരാതിക്കാരനെ പോലും വിളിച്ചു വരുത്തി മൊഴിയെടുത്തില്ല. മറിച്ച് അനുകൂലമായി മൊഴി നൽകുന്നവരെ മാത്രം വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിക്ക് അജിത് കുമാറിന്റെ വിഷയത്തിൽ പ്രത്യേക താൽപര്യമുണ്ടെന്നു വ്യക്തം. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് താൻ പി.വി അൻവറുമായി ചർച്ച നടത്തിയത് എന്ന് അജിത് കുമാർ മൊഴിയിൽ പറയുന്നുണ്ട്. ആർഎസ്എസ് നേതാക്കളെ മുഖ്യമന്ത്രിക്കു വേണ്ടി കണ്ട് ചർച്ച ചെയ്തതും ബിജെപിയെ ജയിപ്പിക്കാൻ തൃശൂർ പൂരം കലക്കിയതും ഇതേ അജിത് കുമാർ തന്നെയാണ്. ഇതൊക്കെ ചെയ്തത് മുഖ്യമന്ത്രിക്കു വേണ്ടിയയാതു കൊണ്ടാകണം അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാൻ തന്റെ അധികാരപരിധിക്കു പുറത്തുള്ള അധികാരം മുഖ്യമന്ത്രി ഉപയോഗിച്ചത്. ക്ളീൻ ചിറ്റ് നൽകാൻ കോടതിക്കു മാത്രമേ അധികാരമുള്ളു എന്നു മനസിലാക്കണം. ഇഷ്ടക്കാരനെ രക്ഷിക്കാൻ അധികാര ദുർവിനിയോഗം നടത്തി കോടതിയുടെ കഠിനവിമർശനത്തിന് ഇരയായ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണം ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |