തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണങ്ങൾക്ക് തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. മുൻ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ കാരണമാണ് അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നത്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിടാതിരിക്കുകയായിരുന്നു.
അഞ്ച് ആരോപണങ്ങൾക്കെതിരെയാണ് അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. മലപ്പുറം ക്യാമ്പ് ഓഫീസിലെ മരം മുറി, ഷാജൻ സ്‌കറിയയുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിയത്, കവടിയാറിലെ ആഡംബര വീടിന്റെ നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, അനധികൃത സ്വത്ത് സമ്പാദനം ഇത്തരം കാര്യങ്ങളാണ്. ഈ ആരോപണങ്ങളിൽ സാക്ഷി മൊഴികൾക്കപ്പുറമുളള വിജിലൻസ് അന്വേഷണം നടത്തിയില്ലെന്നാണ് റിപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
അതേസമയം, അജിത് കുമാറിനെതിരായ വിജിലൻസ് റിപ്പോർട്ട് പുറത്തുവിടുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയെ ബാധിക്കുമെന്നായിരുന്നു സർക്കാരിന്റെ നിലപാട്.വിവരാവകാശപ്രകാരം നൽകിയ അപേക്ഷയ്ക്കായിരുന്നു സർക്കാരിന്റെ മറുപടി. അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് വിജിലൻസ് കോടതി തള്ളിയിരുന്നു. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നൽകിയ ഹർജി പരിഗണിച്ച കോടതി സർക്കാർ സമർപ്പിച്ച ക്ലീൻചിറ്റ് റിപ്പോർട്ട് പരിശോധിച്ചു. റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീൻചിറ്റ് റിപ്പോർട്ട് തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |