സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. അടുത്തിടെ ദിയയുടെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിൽ ഒന്ന് ദിയയുടെ ബിസിനസ് സ്ഥാപനത്തിൽ നടന്ന തട്ടിപ്പായിരുന്നു. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂന്ന് വനിതാ ജീവനക്കാർ 60 ലക്ഷം രൂപയോളം തട്ടിയെന്നായിരുന്നു കേസ്. മൂന്ന് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ദിയയുടെയും ഭർത്താവ് അശ്വിന്റെയും ജീവിതത്തിൽ പുതിയ ഒരു അതിഥി എത്തിയതായിരുന്നു മറ്റൊരു വിശേഷം. ഓമി എന്ന് വിളിപ്പേരുള്ള കുഞ്ഞിന് ഇപ്പോൾ ഒരു മാസം പ്രായമായി.
കഴിഞ്ഞ ദിവസമായിരുന്നു ദിയ കുടുംബ വീട്ടിൽ നിന്ന് സ്വന്തം ഫ്ളാറ്റിലേക്ക് മാറിയത്. ഇതിന്റെ വീഡിയോ ദിയ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് താഴെ ചില വിമർശനങ്ങളും ഉയരുകയാണ്. ഫ്ളാറ്റിലെത്തിയ ശേഷം കുഞ്ഞിനെയും കൂട്ടി രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'കൂലി' കാണാൻ പോയതാണ് വിമർശനത്തിന് കാരണം. ഫ്ളാറ്റിൽ എത്തിയ ശേഷമാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് രാത്രി 11.30ന് ശേഷമുള്ള ഷോയ്ക്ക് പോയത്. തീയേറ്ററിലെത്തിയതിന് ശേഷമുള്ള കാഴ്ചകളും വീഡിയോയിലുണ്ട്.
എന്നാൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തീയേറ്ററിലേക്ക് പോകുന്നത് അത്ര നല്ലതല്ലെന്നാണ് പലരും ഉപദേശിക്കുന്നത്. തീയേറ്ററിലെ കാതടപ്പിക്കുന്ന ശബ്ദം കുഞ്ഞിന് ദോഷം ചെയ്യുമെന്ന് പലരും ഉപദേശിക്കുന്നുണ്ട്. മാത്രമല്ല, തീയേറ്ററിലെ തണുപ്പ് കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചിലർ പറയുന്നു. സിനിമയ്ക്ക് ശേഷം കുഞ്ഞ് അശ്വിന്റെ കയ്യിൽ കിടന്നുറങ്ങുന്നതും വീഡിയോയിൽ കാണാം.
'ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക. പ്രത്യേകിച്ച് തീയറ്റർ. വലിയ ശബ്ദം ഇത്രയും ചെറിയ കുട്ടിക്ക് പാടില്ല. ദിയയുടെ പാരന്റ്സ് എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?, ഓവറാവല്ലേ ..ആ കുഞ്ഞിന്റെ കാര്യം. ഇത്രക്ക് ഒച്ച ആ കുഞ്ഞിനെ കേൾപ്പിക്കണമെന്ന ആഗ്രഹം. ദിയ കുറഞ്ഞത് 2 വർഷം വരെ എങ്കിലും കുഞ്ഞിനെ തീയറ്ററിൽ കൊണ്ട് പോകരുത്. ആ ശബ്ദവും വെളിച്ചവും അവർക്കിപ്പോൾ താങ്ങാൻ കഴിയില്ല. ശ്രദ്ധിച്ചാൽ മനസ്സിലാവും. നമ്മുടെ റൂമിൽ തന്നെയുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ അവർ ഞെട്ടുന്നത്. വാതിൽ പൂട്ടുന്ന ശബ്ദം പോലും. അരെങ്കിലും ഉച്ചത്തിൽ സംസാരിച്ചാലും തറയിൽ ചെറിയ സ്പൂൺ വീഴുന്ന ശബ്ദം കേട്ടാലും അവർ ഞെട്ടും, ഇത്രയും ചെറിയ കുട്ടിയെ തീയേറ്ററിൽ കൊണ്ടുപോയി ശബ്ദം കേൾപ്പിക്കാൻ പാടില്ല എന്ന് വീട്ടുകാർക്ക് പറഞ്ഞു കൊടുത്തുകൂടെ'- എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |