പാലക്കാട്: മാസങ്ങളായി കുതിച്ചുയർന്നു നിന്ന തേങ്ങ വില പടിപടിയായി കുറയുന്നു. 90 രൂപ വരെ കടന്ന തേങ്ങ വില കുത്തനെ കുറഞ്ഞ് 57-60 രൂപയായി. ഇതോടെ ഓണത്തിന് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും തീവില കൊടുക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
മാർക്കറ്റിലേക്ക് വൻതോതിൽ പച്ചത്തേങ്ങ എത്തിയതാണ് വില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മൊത്തവിപണിയിൽ ഒരാഴ്ചയ്ക്കിടെ 15 രൂപയോളം കുറവാണുണ്ടായത്. കിലോയ്ക്ക് 52-53 രൂപ നിരക്കിലാണ് ഇന്നലെ പാലക്കാട് ജില്ലയിലെ മൊത്ത വ്യാപാരികൾ പച്ചതേങ്ങ എടുത്തത്. കിലോയ്ക്ക് 57-60 രൂപയാണ് ചില്ലറ വില. മൊത്ത വില 78-80 രൂപ വരെയെത്തിയ തേങ്ങ ഏതാനും ആഴ്ചകൾക്കിടെയാണ് 25 രൂപയോളം കുറഞ്ഞത്.
നാട്ടിൽ വ്യാപകമായി തേങ്ങയിടൽ ആരംഭിച്ചതിനാൽ മാർക്കറ്റിലേക്ക് നാടൻ തേങ്ങ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ തേങ്ങയുടെ വില ഇനിയും കുറഞ്ഞേക്കാമെന്ന് വ്യാപാരികൾ പറയുന്നു. കൊപ്രയുടെ വിലയും കിലോയ്ക്ക് 5-6 രൂപ കുറഞ്ഞിട്ടുണ്ട്. തേങ്ങയുടെയും കൊപ്രയുടെയും വില കുറയുന്നത് വെളിച്ചെണ്ണ വിലയെയും ബാധിക്കുമെന്നതിനാൽ ഓണമാകുമ്പോഴേക്കും ഇവയ്ക്കു രണ്ടിനും വില കുറയുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ.
പച്ചത്തേങ്ങ വില 50 രൂപയിൽ താഴെയാകുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ തേങ്ങ ഉല്പാദനം വർദ്ധിച്ചതും തേങ്ങ വിലയിടിവിന് കാരണമായിട്ടുണ്ട്. കേരളത്തിൽ എറണാകുളത്ത് മാത്രമാണ് നിലവിൽ തേങ്ങ വില ഉയർന്നു നിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പാലക്കാട് നിന്ന് ഉൾപ്പെടെ പച്ചത്തേങ്ങ എറണാകുളത്തേക്ക് വൻതോതിൽ കയറ്റി പോകുന്നുണ്ടെന്ന് അമ്പലപ്പാറയിലെ തേങ്ങ മൊത്ത വ്യാപാരിയായ നസീബ് പറയുന്നു.തേങ്ങ വില കുറഞ്ഞ സാഹചര്യത്തിൽ വെളിച്ചെണ്ണ വിലയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ലിറ്ററിന് 550 രൂപ വരെ എത്തിയ വെളിച്ചെണ്ണയുടെ വില പിന്നീട് 500ൽ താഴെ എത്തിയിരുന്നു. സപ്ലൈകോ വഴി ലിറ്ററിന് 350 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിൽക്കുന്നത്. ഓണമാകുമ്പോഴേക്കും ഇത് 300 രൂപയിൽ താഴെ എത്തുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |