കൊല്ലം: പതിനാറാം വയസിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ ശശിധരന്റെ കൈയിലിരുന്ന് കതിന പൊട്ടി. വലത് കൈപ്പത്തി അറ്റുചിതറി. ഇടതുകൈയുടെ പെരുവിരൽ പാതിയറ്റു. കുട്ടിക്കാലംമുതൽ ചിത്രംവരച്ചിരുന്ന ശശിധരൻ തളർന്നില്ല. പെരുവിരലറ്റ ഇടംകൈ മെരുക്കിയെടുത്തു. ഇക്കാലത്തിനിടെ വരച്ചുകൂട്ടിയത് രണ്ടായിരത്തിലധികം സുന്ദരചിത്രങ്ങൾ.
പ്രതിസന്ധികളെ തരണം ചെയ്ത് 60-ാം വയസിലും ചിത്രരചന തുടരുകയാണ് കൊട്ടാരക്കര അവണൂർ ഗോകുലിൽ എ.ശശിധരൻ. 'ശശികല ആർട്സ്' എന്ന സ്ഥാപനവുമുണ്ട്. അയ്യപ്പൻ-പങ്കജാക്ഷി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായ ശശിധരൻ പത്താം ക്ളാസ് കഴിഞ്ഞ് കൊട്ടാരക്കര രവിവർമ്മ കോളേജിൽ ചിത്രകല പഠിക്കുമ്പോഴായിരുന്നു അപകടം.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വെടിവഴിപാട് ചുമതല അച്ഛനായിരുന്നു. 1983ൽ ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവത്തിന്റെ അഞ്ചാംദിനം ശശിധരൻ അച്ഛന്റെ സഹായിയായി വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് കൈയിലിരുന്ന കതിന പൊട്ടി ഗുരുതരമായി പരിക്കേറ്റത്. നീണ്ട ആശുപത്രിവാസം. വേദനകളകന്നതോടെ ശശിധരൻ ഇടംകൈയിൽ ബ്രഷ് മുറുകെപിടിച്ചു. ചായത്തിൽ മുക്കി കാൻവാസിൽ തൊട്ടു. വിധിയെ തോല്പിച്ച് വരയുടെ ലോകത്ത് കൈയൊപ്പ് ചാർത്തി.
വിദേശത്തുമെത്തി വരവിസ്മയം
'ശശികല' എന്ന തൂലികാനാമത്തിലാണ് ചിത്രരചന. ലണ്ടനിലും മസ്കറ്റിലും ദുബായിലുമടക്കം ശശിധരന്റെ ചിത്രങ്ങൾ ശ്രദ്ധനേടി. പുത്തൂർ പാങ്ങോട് സ്വദേശി ഒന്നരലക്ഷം രൂപ നൽകിയാണ് അച്ഛനമ്മമാരുടെ ഒറ്റഫ്രെയിം ചിത്രം വരപ്പിച്ചത്. ഇ.കെ.നായനാർ, കല്പന ചൗള, എം.പി.അപ്പൻ, വൈക്കം ചന്ദ്രശേഖരൻ.ജഗതി ശ്രീകുമാർ തുടങ്ങിയവരുടെ ചിത്രങ്ങളടക്കം വരച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാഡമിയിലെ 30 ചിത്രങ്ങൾ ശശിധരന്റേതാണ്. എറണാകുളം,കോഴിക്കോട് ടൗൺഹാൾ, കൊട്ടാരക്കര ഗണപതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലടക്കം ചിത്രങ്ങൾ ഇടംപിടിച്ചു. സാഹിത്യ അക്കാഡമിയിലെ തന്റെ ചിത്രംകണ്ട സുകുമാർ അഴീക്കോട് കൊട്ടാരക്കരയിലെത്തി ശശിധരനെ അനുമോദിച്ചിട്ടുണ്ട്. ഫാഷൻ ടെയ്ലറിംഗ് ചെയ്യുന്ന ഭാര്യ അമ്പിളിയും ബി.ടെക് കഴിഞ്ഞ മകൻ ഗോകുൽ ശശിധറും പിന്തുണയുമായി ഒപ്പമുണ്ട്.
''നല്ലൊരു ചിത്രം വരയ്ക്കാൻ രണ്ടാഴ്ച വേണ്ടിവരും. വര എനിക്ക് സന്തോഷമാണ്, ജീവിതമാണ്.
-എ.ശശിധരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |