അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം നടിയും സംരംഭകയും അവതാരകയുമായ ആര്യ വെളിപ്പെടുത്തിയത്. ആര്യയും ഡിജെയും മുൻ ബിഗ്‌ബോസ് താരവുമായ സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ തങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിബിൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. ഞാൻ അലമ്പാകാറുണ്ട് കേട്ടോ. പല സാഹചര്യങ്ങളിലും എന്റെ പെരുമാറ്റം മോശമാകാറുണ്ട്. അപ്പോൾ ആര്യ ആര്യയെത്തന്നെ പറഞ്ഞുമനസിലാക്കും. ഇവൻ ഇച്ചിരി അലമ്പാണ്, ഇപ്പോൾ മിണ്ടാതിരിക്കാമെന്ന്. അവൾ മിണ്ടാതിരിക്കും. തിരിച്ചും അങ്ങനെത്തന്നെ. ഞങ്ങൾ ഉയർച്ചയും താഴ്ചയുമെല്ലാം കണ്ട ആളുകളാണ്. ദേഷ്യം വന്നാൽ ഞാൻ എന്ത് ചെയ്യുമെന്ന് അവൾക്കറിയാം. അവൾ മാക്സിമം എന്ത് ചെയ്യുമെന്ന് എനിക്കറിയാം. അവൾക്ക് ഏറ്റവും ദേഷ്യം വന്നാൽ മിണ്ടാതിരിക്കുകയാണ് ചെയ്യുന്നത്. ഞാൻ ഇമോഷണലായി സംസാരിക്കുന്നയാളാണ്. ഞങ്ങൾ ബാഹ്യ ഇടപെടലുകൾ കാരണമുള്ള വഴക്കേയുള്ളൂ. എപ്പോഴും കടയിലെ കാര്യങ്ങളൊന്നും വീട്ടിൽ സംസാരിക്കാറില്ല.'- അദ്ദേഹം പറഞ്ഞു.
ആര്യയുടെ ആദ്യ വിവാഹത്തിലെ മകൾ ഖുഷിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ഞാൻ എങ്ങനെയാണോ അങ്ങനെയാണ് ഖുഷി എന്നെ ഇഷ്ടപ്പെട്ടത്. ഡാഡ്സില്ല എന്നാണ് അന്നും വിളിക്കുന്നത്. പണ്ടേ അച്ഛന്റെ സ്ഥാനം തന്നിരുന്നു. എന്നെ അത്രയ്ക്ക് ഇഷ്ടമാണ്. ഡാഡ്സില്ല എന്ന പേര് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയില്ല. ഡാഡി, ഡാഡ്സില്ല എന്നൊക്കെ കിട്ടും. ചിലപ്പോൾ ബ്രോ എന്നും വിളിക്കും.
എന്റെ മകൾ എന്റെ പേര് കേൾക്കുമ്പോൾ തല ഉയർത്തിപ്പിടിക്കണം. എന്റെ ഡാഡിയാണ് സിബിൻ എന്ന് പറയാനുള്ള ധൈര്യം ഖുഷിക്കുണ്ടാകണം. എന്റെ ഭർത്താവാണെന്ന് ആര്യയും ധൈര്യത്തോടെ പറയണം. എന്റെ സുഹൃത്തുക്കളും പറയണം. അവർക്കൊക്കെ കോൺഫിഡന്റായി എന്റെ പേര് പറയാൻ കഴിയണമെങ്കിൽ എനിക്ക് ചിലരുടെ മുഖം കുറച്ച് വികൃതമാക്കേണ്ടിവരും. എന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ ഞാൻ ഇനി അത് ചെയ്യാൻ തയ്യാറാണ്.'- സിബിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |