തുറവൂർ (ആലപ്പുഴ): ദേശീയപാതയിൽ അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൂറ്റൻ ഇരുമ്പു ബീം അഴിച്ചുമാറ്റുന്നതിനിടെ നിലംപതിച്ചു. ബീമുകൾ കൊണ്ടുപോകാനായി താഴെ നിറുത്തിയിട്ടിരുന്ന പുള്ളർ ലോറി തകർന്നു. ബീമുകൾ അഴിച്ചുമാറ്റുമ്പോൾ ഗതാഗതം ഒഴിവാക്കിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിർമ്മാണ തൊഴിലാളികൾ ഓടിമാറി. അതിനിടെ വീണ് മൂന്ന് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. ഒന്നര മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
എലിവേറ്റഡ് ഹൈവേയുടെ തെക്കേയറ്റമായ തുറവൂർ ജംഗ്ഷനിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. പാലത്തിന്റെ സ്പാനിന്റെ കോൺക്രീറ്റിനു ശേഷം ഭാരമേറിയ സി ബീം അഴിച്ചു മാറ്റുന്നതിനിടെ റോപ്പ് പൊട്ടി ദേശീയപാതയ്ക്ക് കുറുകെ വീഴുകയായിരുന്നു. ജംഗ്ഷനിൽ വാഹനഗതാഗതം ഒഴിവാക്കിയായിരുന്നു ബീം അഴിച്ചുമാറ്റൽ പണി നടത്തിയിരുന്നത്.
റോഡിന് കുറുകെ ബീം വീണതോടെ ജംഗ്ഷനിൽ പടിഞ്ഞാറെ ഭാഗത്തും കിഴക്കേ ഭാഗത്തും ഗതാഗതം ഏറെനേരം തടസപ്പെട്ടു. കുത്തിയതോട് എസ്.എച്ച്.ഒ എം.അജയ് മോഹന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് നിർമ്മാണ കമ്പനി താഴെ വീണ ബീം സ്ഥലത്തു നിന്ന് നീക്കി.
അപകടം തുടർക്കഥ
അച്ചൻ കോവിലാറ്റിൽ കീച്ചേരിക്കടവ് പാലത്തിന്റെ നിർമ്മാണത്തിനിടെ സ്‌പാൻ തകർന്ന് രണ്ടുപേർ മരിച്ചതിന് പിന്നാലെയാണ് ദേശീയ പാതയിൽ തുറവൂരിലുണ്ടായ അപകടം. പുതിയ ബൈപ്പാസ് നിർമ്മാണത്തിനിടെ ആലപ്പുഴ ബീച്ച് ഭാഗത്ത് ഭീമൻ ഗർഡറുകൾ നിലംപതിച്ചും അപകടമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |