നടൻ ജയറാമിന്റെ കുടുംബം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ജയറാമും മകൻ കാളിദാസും 25 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റേയും എന്നീ സിനിമകളിലും ഇരുവരും അച്ഛനും മകനുമായാണ് അഭിനയിച്ചത്. ഇപ്പോഴിതാ രണ്ടുപേരും വീണ്ടും ഒന്നിച്ച് സിനിമയിലെത്താൻ പോകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിലൊരുങ്ങുന്ന ആശകൾ ആയിരം എന്ന ചിത്രത്തിലാണ് ജയറാമും കാളിദാസും എത്തുന്നത്.
ചിത്രത്തിന്റെ പൂജാ ചടങ്ങിലെത്തിയ ജയറാമിന്റെ മകൾ മാളവികയോട് ആരാധകർ ചോദിച്ച ചോദ്യത്തിനുളള മറുപടിയാണ് വൈറലായിരിക്കുന്നത്. അച്ഛനും ചേട്ടനും സിനിമയിൽ സജീവമായിട്ടും മാളവിക എന്താണ് സിനിമയിൽ അഭിനയിക്കാത്തതെന്നായിരുന്നു ചോദ്യം. ഭർത്താവാണോ അഭിനയിക്കാൻ അനുവദിക്കാത്തതെന്നും ആരാധകർ ചോദിച്ചു.
വിവാഹത്തിന് മുൻപും അഭിനയിച്ചിട്ടില്ലെന്നായിരുന്നു മാളവികയുടെ മറുപടി. 'അഭിനയിക്കേണ്ടെന്ന് ഭർത്താവ് പറഞ്ഞിട്ടൊന്നുമില്ല. വിവാഹത്തിന് മുൻപും അഭിനയിച്ചിട്ടില്ല. വിവാഹം കഴിഞ്ഞിട്ടും അഭിനയിക്കണമെന്ന് ചിന്തിച്ചിട്ടില്ല. ഇതാണ് ഇപ്പോഴത്തെ തീരുമാനം. ഞാൻ അച്ഛനോടൊപ്പം ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. പക്ഷെ സിനിമയിൽ അഭിനയിക്കാൻ താൽപര്യം കുറവാണ്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ തോന്നാറുണ്ട്. ഞാൻ കംഫർട്ട് അല്ല. എനിക്കനുസരിച്ചുളള ക്രൂ ആയാലേ അഭിനയിക്കാൻ സാധിക്കുളളൂ.
അച്ഛനും കാളിദാസും ഒരുമിച്ചുളള സിനിമ വരാൻ പോകുകയാണ്. അവർക്ക് വലുതായി അഭിനയിക്കേണ്ടി വരില്ല. വീട്ടിൽ എങ്ങനെയാണോ അതുപോലെയായിരിക്കും ലൊക്കേഷനിലും. അവർ രണ്ടുപേരും നല്ല കോമ്പിനേഷൻ ആയിരിക്കും. 25 വർഷം മുൻപ് അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ ഫീലായിരിക്കും പുതിയ സിനിമയിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോകുന്നത്. അതിൽ സംശയമൊന്നുമില്ല. അച്ഛന്റെയും കാളിദാസിന്റെയും സ്വഭാവത്തിൽ നല്ല വ്യത്യാസമുണ്ട്'- മാളവിക പറഞ്ഞു.
പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ ഭർത്താവ്. നവനീത് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ‘മായം സെയ്ത് പോവെ’ എന്ന തമിഴ് മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വിഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |