തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ പുനരന്വേഷണത്തിനും കേസെടുക്കാനും സർക്കാരിന്റെ അനുമതി വേണ്ടിവരും. കേസെടുക്കാൻ തക്കവിധം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തെന്ന് ക്ലീൻചിറ്റ് തള്ളിയ കോടതി ഉത്തരവിലുണ്ട്. 30ന് കോടതി നേരിട്ട് പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജിൽ നിന്ന് മൊഴിയെടുത്തശേഷമായിരിക്കും കോടതിയുടെ തീരുമാനം. മൊഴിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് കോടതിക്ക് ഉത്തരവിടാം. പക്ഷേ, കേസെടുക്കാൻ സർക്കാർ അനുമതി നൽകുമോയെന്ന് കണ്ടറിയണം.
അനധികൃതസ്വത്ത് കണ്ടെത്താൻ അജിത്തിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക്അക്കൗണ്ടുകൾ, ലോക്കറുകൾ ആദായനികുതി വിവരങ്ങൾ, ലാൻഡ് റവന്യൂരേഖകൾ, പണമിടപാടുകൾ എന്നിവയെല്ലാം പരിശോധിക്കണമായിരുന്നു. ഇതിന് ചുരുങ്ങിയത് എട്ടുമാസമെടുക്കും. എന്നാൽ ഡി.ജി.പി സ്ഥാനക്കയറ്റത്തിന് തടസമാവാതിരിക്കാൻ നാലുമാസംകൊണ്ട് അന്വേഷണം തീർക്കുകയായിരുന്നു. ഭൂമിവിവരങ്ങൾ എല്ലാവർഷവും സർക്കാരിന് നൽകുന്നതുപോലും പരിശോധിച്ചില്ല. എന്നിട്ടും അജിത്ത് ഒരു രൂപപോലും അനധികൃതമായി സമ്പാദിച്ചില്ലെന്ന് വിജിലൻസ് ക്ലീൻചിറ്റ്നൽകുകയായിരുന്നു. സത്യസന്ധമല്ലാത്തതും നീതിയുക്തവുമല്ലാത്ത അന്വേഷണത്തിലെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
3 സാദ്ധ്യതകൾ
1.പരാതിക്കാരന്റെ മൊഴിയെടുത്തശേഷം പുനരന്വേഷണത്തിന് വിജിലൻസ്കോടതിക്ക് ഉത്തരവിടാം. ഇതിനാണ് കൂടുതൽ സാദ്ധ്യത.
2. ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയതിനാൽ അജിത്തിനെതിരേ കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടാൻ വിജിലൻസിനോട് നിർദ്ദേശിക്കാം.
3.കുറ്റം ചെയ്തെന്ന് കോടതി വ്യക്തമാക്കിയ സ്ഥിതിക്ക് നേരിട്ട് വിചാരണയിലേക്ക് കോടതിക്ക് കടക്കാം. ഇതിനും സർക്കാരിന്റെ അനുമതി വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |