തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ സൈബർ പൊലീസ്. ഭരണപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ചോർത്തിയതായാണ് സംശയിക്കുന്നത്. പൂജ, നിവേദ്യം തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ ഉപയോഗിക്കാൻ പുതിയ യൂസർനെയിമും പാസ്‌വേഡും നൽകിയെങ്കിലും ലോഗിൻ ചെയ്യാൻ സാധിച്ചില്ല. ഇതാണ് വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിന് കാരണം. എന്നാൽ ക്ഷേത്രസുരക്ഷയ്ക്കായി ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് സുരക്ഷിതമാണെന്ന് സൈബർ പൊലീസ് അറിയിച്ചു.
മുൻ ജീവനക്കാരൻ ഉപയോഗിച്ചിരുന്ന യൂസർനെയിമും പാസ്‌വേഡും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഓൺലൈൻ ഇടപാടുകൾ നടത്തിയിരുന്ന മുൻ ജീവനക്കാരനെ മാറ്റി കഴിഞ്ഞ ജൂണിലാണ് പുതിയ ആളെ നിയമിച്ചത്. ഇതിന് പിന്നാലെ പുതിയ യൂസർനെയിമും പാസ്‌വേഡും സജ്ജമാക്കിയിരുന്നു. എന്നാലിത് നൽകി ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ല. പഴയ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന നെറ്റ്‌വർക്കിലെ വിവരങ്ങൾ ചോർന്നുവെന്ന വിലയിരുത്തലിലാണ് ക്ഷേത്രം ജീവനക്കാർ.
ലോഗിൻ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സൈബർ പൊലീസ്. കമ്പ്യൂട്ടർ ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കാനുള്ള സാദ്ധ്യതയുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ, കമ്പ്യൂട്ടർ വിഭാഗത്തിന്റെ ചുമതലയുള്ളവർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽപ്പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |