മലയാളത്തിന്റെ മഹാനടൻ മധുവിന് ഇന്ന് എൺപത്തിയാറിന്റെ മധുരം. ഇനി ഒരാഗ്രഹവും ബാക്കിയില്ല. അഥവാ ഒരു സിനിമ വേണമെന്നോ ഒരു കഥാപാത്രമാകണമെന്നോ തോന്നിയാൽ ഞാൻ സ്വന്തമായി സിനിമയെടുക്കും...' നരച്ച താടി തടവി തലമുറകളുടെ മധുസാർ ചിരിക്കുന്നു. പിറന്നാളുകൾ വന്നുപോകുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നാറില്ല. മരണത്തെക്കുറിച്ചും ആശങ്കയില്ല. അതൊക്കെ പ്രകൃതിനിയമമനുസരിച്ച് അങ്ങ് നടക്കും. സിനിമയിൽ തിരക്കുള്ള കാലത്ത് പിറന്നാൾ ഓർമ്മയുണ്ടാകില്ല. ലൊക്കേഷനിൽ ആരെങ്കിലും ഓർമ്മിപ്പിക്കുമ്പോൾ കേക്ക് മുറിച്ചെന്നു വരും. കുട്ടിക്കാലത്ത് പിറന്നാളിന് ഗൗരീശപട്ടത്തെ ക്ഷേത്രത്തിൽ പോയിരുന്നത് ഓർമ്മയുണ്ട്. മുതിർന്നതിനു ശേഷം അമ്പലത്തിൽ പോകുന്നതു ചുരുക്കം. പക്ഷേ ദൈവങ്ങളുമായി നല്ല വിശ്വാസത്തിലാണ് പിറന്നാൾ ആശംസകളുമായെത്തിയ 'കേരളകൗമുദി'യോട് നിറഞ്ഞ ചിരിയോടെ മധു പറഞ്ഞു.
ജീവിതചര്യ വളരെ സിംപിളാണ്. ഉറങ്ങാൻ കിടക്കുമ്പോൾ പുലർച്ചെ മൂന്നു മണിയാകും. പഴയ സിനിമകളൊക്കെ ചാനലുകാർ കാണിക്കുന്നത് പാതിരാത്രിയാണല്ലോ. എഴുന്നേല്ക്കുമ്പോൾ ഉച്ചയാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുമെന്നു പറയുന്നതിനേക്കാൾ ശരി, ലഞ്ച് ഇല്ലെന്നു പറയുന്നതാണ്. അത്താഴം പതിനൊന്നരയാകും. എന്നും ചെറിയ വ്യായാമം ചെയ്യും. പറ്റുന്ന രീതിയിൽ യോഗയുണ്ട് അവയവങ്ങളൊക്കെ ഒന്ന് അനങ്ങിക്കിട്ടാൻ മാത്രം.
മദ്യപാനം വളരെ അപൂർവം. പണ്ട് ദിവസവും രാത്രിയിൽ കഴിക്കുമായിരുന്നു. എന്നും വൈകിട്ട് കൂട്ടുകാരുമൊത്ത് കൂടുന്ന പതിവുമുണ്ടായിരുന്നു. അതൊക്കെ ബോറെന്നു തോന്നിയപ്പോൾ നിറുത്തി. പണ്ട് ദിവസം ഒരു കെട്ട് ബീഡി വലിക്കും. സിഗരറ്റും പുകയിലകൂട്ടിയുള്ള മുറുക്കും ഒക്കെയുണ്ടായിരുന്നു. ലൊക്കേഷനിൽ പോലും മുറുക്കാൻ ചെല്ലവുമായി ഒരാൾ കൂടെക്കാണും. പിന്നെ അതും ബോറായി. പത്തിരുപത് വർഷം മുമ്പ് എല്ലാം നിറുത്തി.
ലൂസിഫറിന്റെ ഷൂട്ടിംഗിനു പോകാൻ തയ്യാറെടുത്തപ്പോഴാണ് ചെറിയ വെർട്ടിഗോ പോലത്തെ ഒരസുഖം ഉണ്ടായത്. പിന്നെ കഴിഞ്ഞ ആറു മാസമായി അഭിനയിക്കാനൊന്നും പോകാറില്ല. വേറെ പ്രശ്‌നമില്ല. എന്നാലും ഒരു കോൺഫിഡൻസ് കുറവ്. അഭിനയിക്കാൻ താത്പര്യമില്ലെന്നില്ല. എഴുന്നേല്ക്കാൻ വയ്യാതാകുന്ന അവസ്ഥ വന്നാൽ എന്തു ചെയ്യും? ഒരുപാടു പേരെ വിട്ടുപിരിയേണ്ടി വന്നിട്ടുണ്ട്. അത് സാധാരണമാണല്ലോ. ശ്രീവിദ്യ ഒരുപാട് കഷ്ടപ്പെട്ട ശേഷമാണ് മരിച്ചത്. അത്രയും വേദനിക്കേണ്ട ആളായിരുന്നില്ല അവർ. മധു പഴയ ഓർമ്മകളിലേക്കു പോയി മടങ്ങിവന്നു.
താര സംഘടനയായ 'അമ്മ'യ്‌ക്കെതിരെ വനിതാ അംഗങ്ങളിൽ ചിലർ രംഗത്തു വന്നതിനെക്കുറിച്ചും മധുവിന് വ്യക്തായ അഭിപ്രായമുണ്ട്. 'സംഘടനകൊണ്ട് സിനിമയ്ക്ക് നല്ലതുണ്ടായിട്ടുണ്ട്. എതിർപ്പുമായി വന്ന വനിതകൾ പറയുന്ന കാര്യങ്ങളിൽ യാഥാർത്ഥ്യം ഉള്ളതുകൊണ്ടാകണമല്ലോ അവർ പൊതുവേദിയിൽ പരാതിയായി ഉന്നയിക്കുന്നത്. അവർ വിവരമില്ലാത്തവരല്ല. അവരുടെ മനസിൽ ഫീൽ ചെയ്തിട്ടല്ലേ അവർ പറയുന്നത്. ആ പരാതികൾ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും ഇതിനകത്ത് ഇല്ല'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |