ഓണക്കാലം സാധാരണ ജനങ്ങൾക്കു മാത്രമല്ല, സർക്കാരിനും വലിയ ചെലവിന്റെ സമയമാണ്. ഓണത്തിനും ഓണം കഴിഞ്ഞുള്ള ചെലവുകൾക്കുമായി 5000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ മാത്രം ഉത്സവമായ ഓണം പ്രമാണിച്ച് അവസാന മൂന്നു മാസത്തേക്ക് എടുക്കാനായി മാറ്റിവച്ചിരിക്കുന്ന തുക കൂടി ഉടൻ കടമെടുക്കാൻ കേന്ദ്രം അനുവദിക്കുമെന്നു വേണം കരുതാൻ. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വിപുലമായ ഓണാഘോഷം സർക്കാർ വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും നൽകേണ്ടിവരും. ഇതിനു പുറമെ ശമ്പളം, പെൻഷൻ, മുൻപ് കടമെടുത്തത്തിന്റെ പലിശ, ക്ഷേമ പെൻഷൻ തുടങ്ങിയ ചെലവുകൾക്കായി 20,000 കോടിയിലേറെ രൂപ വേണ്ടിവരും. ഇതിനോടൊപ്പം, വില പിടിച്ചുനിറുത്താൻ വിപണിയിൽ ഇടപെടൽ നടത്തുന്നതിനും ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകുന്നതിനും കോടികളുടെ ചെലവുണ്ടാകും.
ഓണത്തിന് മുമ്പുതന്നെ അഞ്ഞൂറിലേക്ക് കുതിച്ചുയർന്ന വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ കിലോഗ്രാമിന് 380 രൂപയിലേക്ക് പിടിച്ചുനിറുത്താൻ ഭക്ഷ്യവകുപ്പിന് ഫലപ്രദമായ വിപണി ഇടപെടലിലൂടെ കഴിഞ്ഞിരുന്നു. മിക്ക അരി ഇനങ്ങൾക്കും ഇപ്പോൾ വില കിലോഗ്രാമിന് 50 രൂപയിലും താഴെയാണെന്നത് വളരെ ആശ്വാസപ്രദമാണ്. സർക്കാരിന്റെ ഇടപെടലിന്റെ ഫലമായി പച്ചക്കറി വിലയും താഴ്‌ന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ അധികം പോക്കറ്റ് ചോരാതെ സാധാരണക്കാർക്ക് ഇത്തവണ ഓണം ആഘോഷിക്കാനാവുമെന്ന് പ്രതീക്ഷിക്കാം. സപ്ളൈകോ ഓണച്ചന്തകൾക്ക് ഈ മാസം 25-ന് തുടക്കമാവുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചിരുന്നു. ഓണച്ചന്തകളുടെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടെ പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില വീണ്ടും കുറയുമെന്ന് കരുതാം.
മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ 26, 27 തീയതികളിലായി ജില്ലാ ഫെയറുകളും തുടങ്ങും. ഉത്രാടം നാളായ സെപ്തംബർ നാലുവരെ പത്തു ദിവസമാണ് ചന്തകൾ നടത്തുക. വിപണി ഇടപെടൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും സംഘടിപ്പിക്കുന്നുണ്ട്. സബ്‌സിഡിയില്ലാത്ത സാധനങ്ങൾക്ക് ദിവസവും രണ്ടുമണിക്കൂർ അധിക വിലക്കിഴിവ് സപ്ളൈകോയിൽ നൽകുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതൽ നാല് വരെയാണ് 'ഹാപ്പി അവേഴ്സ്." ഈ സമയത്ത് വാങ്ങുന്നവർക്ക് പത്തു ശതമാനം അധിക വിലക്കിഴിവാണ് ലഭിക്കുക. ഇതിനു പുറമെ ഓണച്ചന്തകളിൽ സബ്‌സിഡി ഇല്ലാത്ത ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് ഉണ്ടായിരിക്കും. കിലോയ്ക്ക് 25 രൂപ നിരക്കിൽ 20 കിലോ അരിയും വിതരണം ചെയ്യും.
പൊതുവിപണിയിൽ മുളകിന്റെ വില കിലോയ്ക്ക് 350 രൂപവരെ എത്തിയത് ഇപ്പോൾ 120 രൂപയായി കുറഞ്ഞിട്ടുണ്ട്. സവാളയുടെയും പയറിന്റെയും വിലയിലും കുറവു വന്നിട്ടുണ്ട്. പച്ചക്കറികൾക്ക് പൊതുവെ വില കുറഞ്ഞെങ്കിലും ചില ഇനങ്ങൾക്ക് നേരിയ വിലവർദ്ധന സംഭവിച്ചിട്ടുണ്ട്. ഹോർട്ടിക്കോർപ്പ് ഓണച്ചന്തകൾ തുടങ്ങുന്നതോടെ ഇവയുടെ വിലയും കുറയാനാണ് സാദ്ധ്യത. നിലവിൽ ഒരു റേഷൻകാർഡിന് എട്ടുകിലോ അരിയാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്. ഓണക്കാലത്ത്, ഇതിനു പുറമെ കാർഡ് ഒന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യലായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിക്കുക കൂടി ചെയ്താൽ ഇത്തവണത്തെ ഓണം പതിന്മടങ്ങ് മോടിയോടെ ആഘോഷിക്കാനാവുമെന്ന് കരുതാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |