ന്യൂഡൽഹി: ഡൽഹിയിൽ മൂന്നു ദിവസമായി നടന്ന ചർച്ചകളിലും പുന:സംഘടനയിൽ സമവായമുണ്ടാക്കാൻ കെ.പി.സി.സി നേതൃത്വത്തിന് സാധിച്ചില്ല. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ കാര്യത്തിലാണ് ചർച്ചകൾ തട്ടിനിൽക്കുന്നത്. കേരള ഹൗസിലും എം.പിമാരുടെ ഫ്ലാറ്റുകളിലും കൂടിക്കാഴ്ചകൾ നടത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ഇന്നലെ കെ.പി.സി.സി നേതൃത്വം ചർച്ച നടത്തിയെങ്കിലും ഹൈക്കമാൻഡിന് കൈമാറാനുള്ള പട്ടിക തയ്യാറാക്കാൻ സാധിച്ചില്ല. തൃശൂർ ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും അദ്ധ്യക്ഷന്മാരെ മാറ്രണമെന്ന് അഭിപ്രായമുയർന്നിരുന്നു. ഒൻപത് ജില്ലകളിൽ മാറ്റം മതിയെന്ന് മറുപക്ഷം ആവശ്യപ്പെട്ടു. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ അദ്ധ്യക്ഷന്മാരെ മാറ്റരുതെന്ന് ആവശ്യമുണ്ട്. സാമുദായിക സമവാക്യങ്ങളും കണക്കിലെടുക്കണം. നിലവിൽ അഞ്ച് ക്രിസ്ത്യാനികൾ, നാല് ഈഴവർ, മൂന്ന് നായർ, രണ്ട് മുസ്ലിം എന്നിങ്ങനെയാണ്. ധാരണയുണ്ടാകാത്ത സാഹചര്യത്തിൽ കേരളത്തിൽ പോയി തുടർച്ച നടത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |