തിരുവനന്തപുരം: മിനിമം ബാലൻസില്ലാതെ സൂക്ഷിക്കാവുന്ന സീറോ ബാലൻസ് ജൻധൻ അക്കൗണ്ടുകൾ കെ.വൈ.സി.രേഖകൾ നൽകി പുതുക്കിയില്ലെങ്കിൽ മരവിപ്പിക്കും. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സബ്സിഡി ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിന് 2014,2015 വർഷങ്ങളിൽ തുടങ്ങിയതാണ് ജൻധൻ അക്കൗണ്ടുകൾ. സംസ്ഥാനത്ത് 57ലക്ഷം അക്കൗണ്ടുകളാണുള്ളത്. അക്കൗണ്ട് മരവിപ്പിച്ചാൽ പണം പിൻവലിക്കാനാവില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനറും കനാറാബാങ്ക് ജനറൽ മാനേജരുമായ കെ.എസ്.പ്രദീപ് അറിയിച്ചു.ജൂലായ് ഒന്നുമുതൽ പ്രചരണപരിപാടികൾ നടത്തുകയാണെന്നും പകുതിയോളം തദ്ദേശസ്ഥാപനങ്ങളിൽ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. മ്യൂൾ അക്കൗണ്ട് മാഫിയയ്ക്കെതിരായ ബോധവത്ക്കരണവും നടത്തുന്നുണ്ട്. വാടകയ്ക്ക് അക്കൗണ്ടുകൾ കൈക്കലാക്കി കള്ളപ്പണവും മോഷണതുകകളും ഇടപാടുകൾ നടത്തുന്നതാണ് മ്യൂൾ അക്കൗണ്ടുകൾ. അക്കൗണ്ടുടമകളുടെ കെ.വൈ.സി.രേഖകളും വാടകയ്ക്ക് അക്കൗണ്ട് എടുക്കുന്ന മാഫിയക്കാരുടെ മൊബൈൽ നമ്പറും നൽകി തുടങ്ങുന്നതാണിത്.
സാമ്പത്തിക ബോധവൽക്കരണത്തിന്റെ ഭാഗമായി 435 രൂപമാത്രം വാർഷിക പ്രീമിയം നൽകി 2ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭ്യമാക്കുന്ന ജീവൻജ്യോതി ബിമായോജന, 20രൂപമാത്രം വാർഷിക പ്രീമിയമുള്ള സുരക്ഷാബിമായോജന, അടൽ പെൻഷൻ യോജനയുടെയും പ്രചരണം നടത്തുന്നുണ്ട്. ബാങ്ക് നിക്ഷേപങ്ങൾക്ക് നോമിനേഷൻ നിർബന്ധമാക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ അറിയിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നോമിനേഷൻ നൽകാത്തതിനാൽ രാജ്യത്താകെ 67000കോടിയോളം രൂപയാണ് ഉടമസ്ഥകളാരെന്നറിയാതെ കെട്ടികിടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |