
തുടരും എന്ന ബ്ലോക് ബസ്റ്ററിന് ശേഷം മോഹൻലാലും പ്രകാശ് വർമ്മയും ബിനു പപ്പുവും വീണ്ടും ഒന്നിക്കുന്നു. അഭിനേതാവായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.
തുടരും സിനിമയിൽ നായകനായ ബെൻസ് എന്ന ഷൺമുഖവും പ്രതിനായകനായ സി.ഐ. ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയും എസ്.ഐ ബെന്നിയെ അവതരിപ്പിച്ച ബിനു പപ്പുവും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാൽ ഇടവേളയ്ക്കുശേഷം പൊലീസ് വേഷത്തിൽ എത്തുന്നു എന്നതാണ് പ്രത്യേകത. ഈരാറ്റുപേട്ട എസ്.ഐ ആയാണ് മോഹൻലാൽ എത്തുന്നതെന്നാണ് വിവരം. ജീത്തു ജോസഫിന്റെ ദൃശ്യം 3 പൂർത്തിയാക്കിയശേഷം മോഹൻലാൽ ഡാൻ ഓസ്റ്റിൻ തോമസിന്റെ ചിത്രത്തിൽ അഭിനയിക്കും. ആക്ഷൻ ത്രില്ലർ ചിത്രം എന്നാണ് സൂചന.
ചിത്രത്തിന് രചന നിർവഹിക്കുന്നത് ഇഷ്ക്ക്, പുള്ളിക്കാരൻ സ്റ്റാറാ, മഹാറാണി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രതീഷ് രവിയാണ്. തല്ലുമാല , വിജയ് സൂപ്പറും പൗർണമിയും, ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആണ് ഓസ്റ്റിൻ ഡാൻ തോമസ്. എൽ 365 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് ഈരാറ്റുപേട്ട ആണ് പ്രധാന ലൊക്കേഷൻ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹൻലാൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആഷിഖ് ഉസ്മാന്റെ നിർമ്മാണത്തിൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാംപാതിരയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ഓസ്റ്റിൻ. നസ്ളിൻ, ഷറഫുദ്ദീൻ, സംഗീത് പ്രതാപ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ്, ഫഹദ് ഫാസിൽ, നസ്ളൻ, ഗണപതി, അർജുൻദാസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ടോർപിഡേ എന്നിവയാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ മറ്റ് പ്രോജക്ടുകൾ. ടോർപിഡോയുടെ രചന ബിനു പപ്പു ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |