പൃഥ്വിരാജ് നായകനായി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രത്തിൽ ബീന ആർ. ചന്ദ്രനും. മികച്ച നടിക്കുള്ള 2023 ലെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ബീന ആർ. ചന്ദ്രൻ ആദ്യമായാണ് കൊമേഴ്സ്യൽ സിനിമയുടെ ഭാഗമാകുന്നത്. തടവ് എന്ന ചിത്രത്തിലൂടെയാണ് ബീന സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്. ഉള്ളൊഴുക്ക് സിനിമയിലൂടെ ഉർവശിയുമായി അവാർഡ് പങ്കിടുകയായിരുന്നു. റോഷാക്കിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ആണ് നായിക. സിറ്രി ഒഫ് ഗോഡ്, എന്ന് നിന്റെ മൊയ്തീൻ, മൈ സ്റ്റോറി, കൂടെ എന്നീ ചിത്രങ്ങൾക്കുശേഷം പൃഥ്വിയും പാർവതി തിരുവോത്തും വീണ്ടും ഒരുമിക്കുകയാണ്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ, അശോകൻ, മധുപാൽ, ഗണപതി, ലുക്മാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ് എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഏറെ ശ്രദ്ധ നേടി.
പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്. കെട്ട്യോട്ടാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്കുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്. ഇ ഫോർ എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. സമീർ അബ്ദുൾ തിരക്കഥ എഴുതുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |