തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ ഒരു വർഷത്തെ തീവ്രയത്ന കർമ്മപദ്ധതിയുമായി വനംവകുപ്പ്. 'കൃഷി പുനരുജ്ജീവനവും മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ' എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 31ന് കോഴിക്കോട്ട് മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിക്കും.
പ്ലാന്റേഷനുകളിലും കുറ്റിക്കാടുകളിലും കാട്ടുപന്നികൾ താവളമാക്കിയ സ്ഥലങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി തെളിച്ചെടുക്കും. കിടങ്ങുകൾ കുഴിച്ചും പന്നികളെ പിടികൂടും. ഇത്തരത്തിൽ പിടികൂടുന്നവയെ വിഷം, സ്‌ഫോടകവസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്പിക്കൽ എന്നിവ ഒഴികെ മറ്റ് രീതിയിൽ കൊല്ലുന്നതുമായി ബന്ധപ്പെട്ട നിയമ സാധുത പരിശോധിക്കും.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം വിനിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യുവജന ക്ലബ്ബുകൾ, കർഷകക്കൂട്ടായ്മകൾ, റബ്ബർ ടാപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഷൂട്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണ സമിതികൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക.
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങൾ പരിഷ്‌കരിക്കുമെന്നും കരട് നയസമീപന രേഖയിലുണ്ട്. കാട്ടുപന്നിശല്യം രൂക്ഷമായ പഞ്ചായത്തുകൾ കണ്ടെത്തി മാപ്പ് ചെയ്യണം. ഷൂട്ടർമാർക്കുള്ള പ്രതിഫലം, ജഡം മറവുചെയ്യുന്നതിനുള്ള ചെലവ് എന്നിവ വർദ്ധിപ്പിക്കുക, ജനവാസ മേഖലയിൽ ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം വികസിപ്പിക്കുക, കാടുപിടിച്ചുകിടക്കുന്ന കൃഷിസ്ഥലങ്ങളിൽ വിസ്ത ക്ലിയറൻസ്, സ്ട്രെയ്‌ഞ്ചേഴ്സ് ട്രഞ്ചുകൾ എന്നിവ നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കരട് രേഖയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |