തിരുവനന്തപുരം: വിശ്വാസത്തിനപ്പുറം വികാരമാണ് എനിക്ക് ശ്രീപദ്മനാഭ സ്വാമിയും ഈ മഹാക്ഷേത്രവുമെന്ന് നടൻ മോഹൻലാൽ. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം, ലക്ഷദീപം എന്നിവയുടെ വിളംബരപത്രിക ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. ഈ ധന്യനിമിഷത്തിൽ ഇവിടെ നിൽക്കാൻ സാധിച്ചത് സുകൃതമാണ്.
എന്റെ അച്ഛൻ ശ്രീപദ്മനാഭന്റെ ഭൂമികയിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഇവിടത്തെ അല്പശിയും പൈങ്കുനിയും ആറാട്ടും നവരാത്രി ആഘോഷങ്ങളും കണ്ടും അതിൽ പങ്കെടുത്തും വളർന്ന ബാല്യകൗമാരമാണ് എന്റേത്. മുറജപവും ലക്ഷദീപവും ഒക്കെ എന്റെ വിശ്വാസ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാലും ജീവിതത്തിൽ ഇത്തരത്തിൽ ഒരു ഭാഗ്യം കൈവരും എന്ന് ചിന്തിച്ചിട്ടില്ല. ഒരു എളിയ ഭക്തനായി ഇവിടത്തെ തിരുനടയിൽ നിന്ന് തൊഴുന്നതല്ലാതെ എന്നെങ്കിലും ഒരിക്കൽ ക്ഷേത്രത്തിലെ അപൂർവ ആഘോഷമായ ലക്ഷദീപത്തിന് മുന്നോടിയായി ഇങ്ങനെയൊരു ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്വപ്‌നേപി നിനച്ചിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു.
രാവിലെ 7.20ന് ക്ഷേത്രത്തിലെത്തിയ മോഹൻലാൽ ശ്രീപദ്മനാഭനെ വണങ്ങി. തന്ത്രി മഠത്തിൽ ക്ഷേത്ര ഭരണസമിതി അംഗങ്ങളും തന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. മുറജപത്തിന്റെ ദീപസ്തംഭം തെളിച്ച മോഹൻലാൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളിൽ നിന്ന് വിളംബരപത്രിക ഏറ്റുവാങ്ങി. ഓണവില്ലിന്റെയും മുറജപം ഷാളിന്റെയും പ്രകാശനവും നിർവഹിച്ചു. ക്ഷേത്രത്തിന്റെ ഉപഹാരം മോഹൻലാലിന് നൽകി.
പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായി, ആദിത്യവർമ, തന്ത്രിമാരായ തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ കരമന ജയൻ, എ.വേലപ്പൻനായർ, എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ് എന്നിവർ പങ്കെടുത്തു. സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനൽ കുമാറിനൊപ്പമാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |