തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അപ്പോൾ മാദ്ധ്യമ പ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകർക്ക് ആരോഗ്യ ഇൻഷ്വറൻസും നടപ്പാക്കും. സീനിയർ ജേർണലിസ്റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകരുടെ അഖിലേന്ത്യാ സമ്മേളത്തിലെ പ്രതിനിധി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ പറയുന്ന ഇക്കാര്യം രേഖപ്പെടുത്തി വയ്ക്കാം. ഭരണത്തിൽ വരുമ്പോൾ നേരിട്ട് ചോദിക്കാം. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന മാദ്ധ്യമ പ്രവർത്തകരെ ലോക വ്യാപകമായി, ഏകാധിപതികളായ ഭരണാധികാരികൾ വേട്ടയാടി വരികയാണ്. ഇന്ത്യയിൽ രണ്ടു മാദ്ധ്യമപ്രവർത്തകരെ കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്തു. മാദ്ധ്യമങ്ങളെ മറ്റൊരു സർക്കാർ വകുപ്പായി മാറ്റാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.
മാദ്ധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒരു മീഡിയ കമ്മിഷൻ രൂപീകരിക്കേണ്ടതുണ്ട്. സെക്രട്ടേറിയറ്റിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയതും സർക്കാർ വിരുദ്ധ വാർത്തയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചതും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്ന നടപടിയാണ്. ഒരു മാസം തടവിൽ കഴിഞ്ഞാൽ ജനപ്രതിനിധിയെയും മന്ത്രിയെയും വരെ അയോഗ്യരാക്കുന്ന കേന്ദ്രത്തിന്റെ നിയമ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും സതീശൻ പറഞ്ഞു. എസ്.ജെ.എഫ്.കെ വൈസ് പ്രസിഡന്റ് ടി.ശശി മോഹൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജെ.അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |