കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും കത്ത് ചോർത്തിയതിൽ അദ്ദേഹത്തിന്റെ മകൻ ശ്യാംജിതിനെ സംശയിക്കുക മാത്രമാണ് ചെയ്തതെന്നും ചെന്നൈ വ്യവസായി ഷർഷാദ്.
ഗോവിന്ദന്റെ വക്കീൽ നോട്ടിസിനുള്ള മറുപടി ഇ-മെയിലായും രജിസ്റ്റർഡ് പോസ്റ്റായും നൽകിയെന്ന് ചെന്നൈയിലെ വ്യവസായിയും കണ്ണൂർ സ്വദേശിയുമായ ഷർഷാദ് ഫേസ്ബുക്കിൽ വെളിപ്പെടുത്തി. സെക്രട്ടറിയുടെ നോട്ടീസിൽ പറഞ്ഞിട്ടുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. ഒപ്പം രാജേഷ് കൃഷ്ണയും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി തുറന്നുപറഞ്ഞിട്ടുമുണ്ടെന്ന് ഷർഷാദ് കുറിച്ചു.
രാജേഷ് കൃഷ്ണയുമായി ശ്യാംജിതിനുള്ള ബന്ധമാണ് സംശയത്തിന് പിന്നിലെന്നും മറുപടിയിൽ പറയുന്നു. പി.ബിക്ക് നൽകിയ കത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ താൻ പങ്കുവച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഷർഷാദ് വ്യക്തമാക്കുന്നു. അഡ്വ.ശ്രീജിത് എസ്. നായർ മുഖേനയാണ് മുഹമ്മദ് ഷർഷാദ് മറുപടി അയച്ചത്.
പി.ബിക്ക് മുഹമ്മദ് ഷർഷാദ് അയച്ച കത്ത് പുറത്തായത് വൻവിവാദമായിരിക്കെയാണ് എം.വി. ഗോവിന്ദൻ നിയമ നടപടിയിലേക്ക് നീങ്ങിയത്. ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |