SignIn
Kerala Kaumudi Online
Sunday, 24 August 2025 11.06 AM IST

അടൂരും പറഞ്ഞു ബെസ്റ്റാണ് ക്രിസ്റ്റോ,​ മൂന്നാമത്തെ ദേശീയ അവാ‌ർഡിനെ കുറിച്ച് സംവിധായകൻ

Increase Font Size Decrease Font Size Print Page
christo

ആഗസ്റ്റ് 1, കേരള നിയമസഭാ സമുച്ചയം. സംസ്ഥാന സ‌ർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവ് വേദിയിൽ വിഖ്യാത സംവിധായകൻ അടൂ‌ർ ഗോപാലകൃഷ്‌ണൻ മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. അതിനിടയിലാണ് അടൂർ ഒരു ചിത്രത്തെ കുറിച്ചും സംവിധായകനെ കുറിച്ചും പേരെടുത്ത് പറഞ്ഞത്. സംവിധായകന്റെ പേര് ക്രിസ്റ്റോ ടോമി, സിനിമ ഉള്ളൊഴുക്ക്, 2023ലെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് നേടിയ ചിത്രമാണ് ഉള്ളൊഴുക്ക്. ഈയിടെ കേരളത്തിൽ ഇറങ്ങിയ ഒന്നാന്തരമൊരു സിനിമയ്ക്ക് സംസ്ഥാന സർക്കാരോ ആരും അവാർഡ് ഒന്നും കൊടുത്തില്ല എന്ന് അടൂർ പറയുന്നു. ഈ പടം കൃത്യമായി തഴയപ്പെട്ടു എന്നും അടൂർ ചൂണ്ടിക്കാട്ടി.

കാമുകി ,​ കന്യക എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് ഉള്ളൊഴുക്ക്. നെറ്റ് ഫ്ലിക്സ് സംപ്രേഷണം ചെയ്ത കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കിയ,​ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ കറി ആൻഡ് സയനൈഡ് ഡോക്യുമെന്ററിയുടെ സംവിധായകൻ കൂടിയാണ് ക്രിസ്റ്റോ. ലോക പ്രശസ്ത സംവിധായകന്റെ അഭിനന്ദനങ്ങൾ അഭിമാനമായി കാണുമ്പോഴും ക്രിസ്റ്റോയുടെ വാക്കുകളിൽ വിനയം മാത്രം, ദേശീയ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ക്രിസ്റ്റോ പറയുന്നു. എന്നാൽ ഉർവശിക്ക് പുരസ്കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സംവിധായകൻ കേരളകൗമുദിയോട് പറഞ്ഞു. ക്രിസ്റ്റോയുടെ വാക്കുകളിലേക്ക്

സംവിധായകനുള്ള പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ?

ഇല്ല, ഉർവശിക്ക് പുരസ്കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദേശീയ അവാർഡ്പ്രഖ്യാപനം പോലും അന്നാണ് അറിഞ്ഞത്. നവാഗത സംവിധായകനുള്ള പുരസ്കാരത്തിനും നോമിനേഷൻ ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അവാർഡ് കിട്ടാത്തതിൽ നിരാശയില്ല. അവാർഡുകളിൽ അവസാന തീരുമാനം ജൂറിയുടേതാണ്. ഓരോ ജൂറിയുടെയും തീരുമാനം അനുസരിച്ചാണല്ലോ അവാർഡുകൾ തീരുമാനിക്കപ്പെടുന്നത്. അത് കേരളത്തിലായാലും ദേശീയ തലത്തിലായാലും.

ഉള്ളൊഴുക്കിലേക്ക് എത്തിയത്

2005ൽ കുട്ടനാട്ടിൽ ഒരു വെള്ളപ്പൊക്ക സമയത്താണ് അച്ചാച്ചൻ മരിക്കുന്നത്. അന്ന് വെള്ളം ഇറങ്ങിപ്പോയി ശവസംസ്കാരം നടക്കാൻ എട്ടൊമ്പത് ദിവസം കാത്തിരിക്കേണ്ടി വന്നു. അവിടെ നിന്നാണ് ഉള്ളൊഴുക്ക് എന്ന സിനിമയുടെ തുടക്കം. ഒരു വെള്ളപ്പൊക്ക സമയത്ത് ഒരു വീട്ടിൽ ആൾക്കാർ ഒന്നും ചെയ്യൻ പറ്റാതെ സംസ്കാരത്തിനായി കാത്തിരിക്കുന്നത് വല്ലാതെ ഹോണ്ട് ചെയ്തിരുന്നു..കൊൽക്കത്ത സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്ത് ആദ്യസിനിമയായി ഇത് ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നു., പിന്നീട് ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിലാണ് സ്ക്രിപ്ട് എഴുതി സിനിമയായതും.

ആർഎസ്‌വിപി

സിനിസ്ഥാൻ കോണ്ടസ്റ്റിൽ ഫസ്റ്റ് പ്രൈസ് കിട്ടിയതിന് ശേഷമാണ് മക്‌ഗഫീൻ പിക്ചേഴ്‌സിന്റ ഹണി ടെഹ്റാൻ വിളിക്കുന്നത്. പിന്നീട് ഹണി വഴിയാണ് റോണി സ്ക്രീൻവാലയിലേക്കും ആർ.എസ്.വി.പിയിലേക്കും എത്തുന്നത്.ഹണിയുടെ പല ചിത്രങ്ങളും അവർ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ബാനർ മുന്നോട്ടു വന്നതു കൊണ്ടാണ് ഉള്ളൊഴുക്ക് ചെയ്യാൻ പറ്റിയത്. ഫീമെയിൽ ഓറിയന്റഡ് സബ്‌ജക്ട് എന്നാൽ അത്യാവശ്യം ബഡ്ജറ്റ് ആവശ്യമായ പടം. വെള്ളപ്പൊക്കം ഒക്കെ ക്രിയേറ്റ് ചെയ്യാൻ ഉള്ളതുകൊണ്ട് ഈയൊരു പ്രൊഡക്ഷൻ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു സിനിമ ചെയ്യാൻ ബുദ്ധിമുട്ടാകുമായിരുന്നു.

ഉർവശിയും പാ‌ർവതിയും

എഴുതുന്ന സമയത്ത് ഇവർ മാത്രമല്ല,​ ആരും മനസിലുണ്ടായിരുന്നില്ല. ചെറിയ രീതിയിലുള്ള സിനിമ എന്ന വിചാരത്തോടെയായിരുന്നു എഴുത്ത്. പ്രൊഡക്ഷൻ സമയത്തെ ചർച്ചകളിലാണ് ഉർവശി ചേച്ചിയുടെ പേര് കടന്നുവന്നത്. കാമറാമാൻ ഷഹനാദാണ് ഉർവശിയുടെ പേര് പറഞ്ഞത്. ചേച്ചി സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സമയമായിരുന്നു അത്. ചേച്ചി ചെയ്യാനിരുന്ന ഒരു സിനിമ നീട്ടിവയ്ക്കേണ്ടി വന്നിരുന്നു. അങ്ങനെയാണ് ഉർവശിയെ പോയി കാണുകയും സംസാരിക്കുകയും ചെയ്തത്. 2019ലായിരുന്നു അത്. പിന്നീട് സിനിമ നടക്കാൻ വ‍ർഷങ്ങൾ എടുത്തെങ്കിലും നിരന്തരം കോണ്ടാക്ട് ഉണ്ടായിരുന്നു.

എന്നാൽ ആദ്യം കാണാൻ പോയത് പാർവതിയെ ആയിരുന്നു.. അന്ന് പാർവതി ഈ റോൾ കുറച്ച് ഇന്റൻസ് ആയതു കൊണ്ട് ചെയ്യാൻ ഒരു ചെറിയ മടി കാണിച്ചിരുന്നു. . പിന്നെ ഒന്നു രണ്ടു വർഷം കഴിഞ്ഞ് വീണ്ടും കാണുമ്പോഴാണ് സ്ക്രിപ്ട് വായിക്കാൻ താത്പര്യം ഉണ്ടെന്ന് പാർവതി പറയുന്നത്. അങ്ങനെയാണ് പാർവതി ഒ.കെ പറഞ്ഞത്. ലീലാമ്മയുടെയും അഞ്ജുവിന്റെയും റോളിൽ ഇവരെയല്ലാതെ മറ്റാരെയും കാണാൻ കഴിയില്ല. ചേച്ചിയാണ് ലീലാമ്മയുടെ റോളിൽ എന്നറിഞ്ഞപ്പോൾ പാർ‌വതിക്കും സന്തോഷമായിരുന്നു.

.

കറി ആൻഡ് സയനൈഡ്

ഉള്ളൊഴുക്കിന്റെ പ്രൊഡക്ഷനുമായി നിൽക്കുന്നസമയത്താണ് നെറ്റ്‌ഫ്ലിക്സിൽ നിന്ന് കറി ആൻഡ്‌ സയനൈ‌ഡ്‌ ചെയ്യാനുള്ള അവസരം വരുന്നത്. അന്ന് ഇന്ത്യൻ പ്രെഡറ്റേഴ്സ് എന്നന്ന ഒരു സീരിസിന്റെ ഭാഗമായിട്ടായിരുന്നു അത്. ജോളി ജോസഫിന്റെ സ്റ്റോറി വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നി,. അങ്ങനെയാണ് ആ പ്രോജക്ടിലേക്ക് എത്തിയത്

.

സ്ത്രീപക്ഷ സിനിമകൾ ?

കാമുകി,​ കന്യക,​ ഉള്ളൊഴുക്ക്,​ കറി ആൻഡ് സയനൈഡ് ഇവയെല്ലാം സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളാണ്. ഇത് വേണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല . സ്വാഭാവികമായി സംഭവിച്ച് പോയതാണ്. കറി ആൻഡ് സ​യനൈഡ് ആണെങ്കിൽ വിമൻ ഓറിയന്റഡ് ആയതു കൊണ്ട്ചെയ്യാൻ തീരുമാനിച്ചതാണ്. എന്നാൽ മറ്റുള്ള ചിത്രങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല.

സ്ക്രിപ്ട് എഴുതുന്ന സമയത്ത് ആ കഥ ആ|ർക്കാണ് ഏറ്റവും കൂടുതൽ ചലഞ്ചിംഗ് ആയിട്ടുണ്ടാവുക എന്ന് നോക്കും. ഉള്ളൊഴുക്കിൽ സ്ത്രീകൾക്കാണ് ആ കഥ ചലഞ്ചിംഗ് ആയി തോന്നിയത്. അഞ്ജുവിന്റെ സ്ഥാനത്ത് ഒരാണായിരുന്നുവെങ്കിൽ ആ കഥയ്ക്ക് ഇത്രത്തോളം പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല.

തിരക്കഥ, സംവിധാനം

ഇതുവരെ സംവിധാനം ചെയ്തതെല്ലാം സ്വന്തം സ്ക്രിപ്ട് ആയിരുന്നു, മറ്റുള്ളവരുടെ നല്ല സ്ക്രിപ്ട് കിട്ടിയാൽ തീർച്ചായും ചെയ്യും. സ്വന്തം സ്ക്രിപ്ട് ചെയ്യുമ്പോൾ ഒരുപാട് സമയമെടുക്കും ഷൂട്ടിംഗിലേക്കെത്താൻ. അതിനാൽ ഒരു നല്ല സ്ക്രിപ്ട് കിട്ടണമെന്നാണ് എന്റെ പ്രാർത്ഥന. കാരണം പെട്ടെന്ന് സിനിമ ചെയ്യാൻ പറ്റും. അങ്ങനെ സ്ക്രിപ്ട് നോക്കുന്നുണ്ട്,

പുതിയ സംവിധായകരോട് പറയാനുള്ളത്.

ഒരു സിനിമ ചെയ്യാനും സ്ഥിരമായി പ്രൊഫഷനിൽ നിൽക്കാനും ഒക്കെ ഏറ്റവും ഡിഫിക്കൽട്ടായ ഫീൽഡാണ്. ഒരുപാട് ക്ഷമയും കഠിനപ്രയ്തനവും ഒക്കെ വേണ്ടിവരും. . അൺസ്റ്റേബിൾ ആണ്. സാമ്പത്തിക ഭദ്രതയും എപ്പോഴും ഉണ്ടാകണമെന്നില്ല.. അതേസമയം സ്റ്റോറി ടെല്ലിംഗ് ഇഷ്ടമുള്ളവർക്കും സിനിമയോട് പാഷൻ ഉള്ളവർക്കും മികച്ച ഒരു പ്രൊഫഷനാണ്.

പുതിയ പ്രൊജക്ടുകൾ

മലയാളത്തിലും ഹിന്ദിയിലും രണ്ട് പ്രോജക്ടുകളുടെ ചർച്ചയിലാണ്. എഴുത്ത് നടക്കുന്നു. ഉടനെ ഉണ്ടാകുമെന്നാണ് പ്രതിക്ഷ.

TAGS: CHRISTO TOMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.