നോയിഡ: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് ദാരുണസംഭവം നടന്നത്. നിക്കി ഭാട്ടിയെ (28) കൊന്ന ഭർത്താവ് വിപിൻ ഭാട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു കൊലപാതകം.
2016ലാണ് വിപിൻ ഭാട്ടിയും നിക്കിയും വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും നിക്കിയെ നിരന്തം ഉപദ്രവിച്ചിരുന്നതായി സഹോദരി കാഞ്ചൻ പറയുന്നു. കാഞ്ചൻ വിപിന്റെ സഹോദരനെയാണ് വിവാഹം ചെയ്തത്. നിക്കിയെ ഉപദ്രവിക്കുന്ന വീഡിയോ കാഞ്ചൻ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് കേസിൽ നിർണായകമായി. നിക്കിയെ ക്രൂരമായി മർദ്ദിക്കുന്നതും ശരീരത്തിൽ തീ പടർന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പൊള്ളലേറ്റ നിക്കിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിക്കി മരിച്ചത്.
തന്റെ പിതാവും മുത്തശ്ശിയും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് നിക്കിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. 'ആദ്യം അവർ അമ്മയുടെ ദേഹത്ത് എന്തോ പുരട്ടി. പിന്നെ അവർ അമ്മയെ അടിക്കുകയും ഒരു ലെെറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയും ചെയ്തു'- കുട്ടി പൊലീസിനോട് പറഞ്ഞു. വിപിൻ ഭാട്ടിയെ പൊലീസ് എൻകൗണ്ടർ ചെയ്യണമെന്ന് നിക്കിയുടെ പിതാവ് ആവശ്യപ്പെട്ടു.
'വിപിൻ ഒരു കൊലയാളിയാണ്. അവരെ വെടിവച്ചുകൊല്ലണം. എന്റെ മകൾ പാർലർ നടത്തിയാണ് മകനെ വളർത്തിയത്. വിപിന്റെ മുഴുവൻ കുടുംബവും കൊലപാതകത്തിലും ഗുഢാലോചനയിലും പങ്കാളികളാണ്. ഈ കാര്യങ്ങളെ കുറിച്ച് മകൾ എന്നോട് പറഞ്ഞിരുന്നില്ല. ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി നടപടിയെടുക്കണം'- പിതാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |