ധർമ്മസ്ഥല (കർണാടക): ധർമ്മസ്ഥല കൊലപാതക പരമ്പര കേസിൽ വൻവഴിത്തിരിവ്. കാണാതായ അനന്യ ഭട്ടിന്റെ മാതാവെന്ന് പറഞ്ഞ് രംഗത്തുവന്ന മുൻ സി.ബി.ഐ ഉദ്യോഗസ്ഥ സുജാത ഭട്ട് മൊഴി മാറ്റിയതിന് പിന്നാലെ, മൃതദേഹങ്ങൾ മറവുചെയ്തെന്ന് അവകാശപ്പെട്ട മുൻ ശുചീകരണ തൊഴിലാളി സി.എൻ.ചിന്നയ്യയെ എസ്.ഐ.ടി സംഘം അറസ്റ്റ് ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകി അന്വേഷണ സംഘത്തെ കുഴപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ബൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയ ചിന്നയ്യയെ എസ്.ഐ.ടി സംഘം കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു.
പീഡിപ്പിച്ച് കൊലപ്പെടുത്തിയ നൂറോളം പെൺകുട്ടികളുടേയും സ്ത്രീകളുടെയും മൃതശരീരങ്ങൾ താൻ ധർമ്മസ്ഥല ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നപ്പോൾ ഭീഷണി ഭയന്ന് കുഴിച്ചിടേണ്ടിവന്നെന്നായിരുന്നു വെളിപ്പെടുത്തൽ. 1995 നും 2014 നും ഇടയിലായിരുന്നു ഇത്. തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയായിരുന്നു. ചിന്നയ്യയുടെ മൊഴി അടിസ്ഥാനമാക്കി മണ്ണുമാന്തിയുള്ള തെരച്ചിൽ നടത്തിയെങ്കിലും ഇയാളുടെ വാദത്തെ ശരിവയ്ക്കുന്ന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.
തെരച്ചിൽ നിർത്തിയശേഷം എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയെ രണ്ടു ദിവസം രാപകൽ തുടർച്ചയായി ചോദ്യം ചെയ്തതിന് ശേഷമാണ് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെൽത്തങ്ങാടി എസ്.ഐ.ടി ഓഫീസിലാണ് പാർപ്പിച്ചിരിക്കുന്നത്.
കാട്ടിലെ 17 പോയിന്റുകളിൽ തെരച്ചിൽ നടത്തിയതിന് ശേഷമാണ് അന്വേഷണം അവസാനിപ്പിച്ചത് . സാക്ഷി അടയാളപ്പെടുത്തിയ ആറാമത്തെ പോയിന്റിൽ നിന്നാണ് തലയോട്ടിയും എല്ലുകളും പുരുഷന്റെ അസ്ഥികൂടവും കണ്ടെത്തിയിരുന്നത്. മറ്റിടങ്ങളിൽ നിന്ന് ഒന്നും കണ്ടുകിട്ടിയിരുന്നില്ല. അസ്ഥികളെല്ലാം ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഇവയെല്ലാം കൊണ്ടുവച്ചശേഷം അന്വേഷണ സംഘത്തെ കബളിപ്പിച്ചു എന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. എസ്.ഐ.ടി ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിട്ടില്ല. ജൂലായ് രണ്ടിനാണ് കൊല്ലേഗലിൽ നിന്നുള്ള പരാതിക്കാരൻ പ്രബലരായ ആളുകളുടെ സമ്മർദ്ദത്തിന് വഴങ്ങി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |