തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് പൂക്കളമൊരുക്കി വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ഓഗസ്ത് 31ന് കനകക്കുന്നിലാണ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നത്. ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സ്‌കൂൾ -കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ തുടങ്ങി അഞ്ചു പേരിൽ കൂടാത്ത സംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ ടീമിലും കുറഞ്ഞത് രണ്ട് സ്ത്രീകളുണ്ടായിരിക്കണം. മത്സരാർത്ഥികൾ കേരളീയ വേഷത്തിലായിരിക്കുന്നത് അഭികാമ്യം. മികച്ച മൂന്നു പൂക്കളങ്ങൾക്ക് സമ്മാനം ലഭിക്കും.
തുടർന്നുവരുന്ന പത്ത് ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. പൂക്കളത്തിന്റെ വ്യാപ്തി പരമാവധി അഞ്ച് അടി വ്യാസത്തിൽ കവിയരുത്. പൂക്കളമൊരുക്കുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്. പൂക്കൾ, ഇലകൾ, തണ്ടുകൾ, മൊട്ടുകൾ തുടങ്ങിയവയല്ലാത്ത കൃത്രിമ വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. ഓണാഘോഷം 2025 ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ പൂക്കളത്തിലോ മത്സരവേദിയിലോ മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല.
പൂക്കളം ഒരുക്കുന്നതിനുള്ള സമയം മൂന്ന് മണിക്കൂർ ആയിരിക്കും. രാവിലെ ഒൻപതിന് തുടങ്ങുന്ന മത്സരം ഉച്ചക്ക് 12 മണിക്ക് അവസാനിക്കും. മത്സരാർത്ഥികൾ രാവിലെ 8.00 മണിക്ക് മുമ്പായി കനകക്കുന്നിലെ വേദിയിൽ എത്തേണ്ടതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ കാണുന്ന ലിങ്ക് മുഖേന ഓഗസ്ത് 29ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിപാടിയിൽ ഉചിതമായ മാറ്റം വരുത്തുന്നതിന് സംഘാടക സമിതിക്ക് അധികാരം ഉണ്ടായിരിക്കും. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
https://athapookalam.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്
0471-2731300
ജില്ലാ ഇൻഫർമേഷൻ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |