തിരുവനന്തപുരം: കെപിസിസിയും ഷാഫി പറമ്പിൽ എംപിയും ഇടപെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ രാജി വയ്പ്പിക്കണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. പെൺകുട്ടികളെ സ്നേഹം നടിച്ച് വഞ്ചിക്കുന്ന രാഹുലിന് വൈകൃതമാണെന്നും അവർ പ്രതികരിച്ചു. 'കേരളീയർക്കും ലോകത്തുളള മലയാളികൾക്കും അപമാനമുണ്ടാക്കുന്ന വിധത്തിലുളള സംഭവവികാസങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്.
പാവപ്പെട്ട പെൺകുട്ടികളെ സ്നേഹം നടിച്ച് ഗർഭിണിയാക്കുന്നതും ഒടുവിൽ അത് അലസിപ്പിക്കാൻ നിർബന്ധിക്കുന്ന രീതിയിലേക്കുളള കാട്ടാളത്തം കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതാണോ? ഇത് അതിരുകടന്ന ധിക്കാരവും രാഷ്ട്രീയവും അല്ലേ? പെൺകുട്ടികളെ മോശമായി കാണുകയും അവരെ ദുരുപയോഗം ചെയ്ത് വലിച്ചെറിയുന്ന സ്വഭാവക്കാരനാണ് അയാൾ. ഇതൊരു വൈകൃതമാണ്. എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും തുടരാൻ രാഹുലിന് യോഗ്യതയില്ല'- പികെ ശ്രീമതി പറഞ്ഞു.
അതേസമയം, രാഹുൽ ഇപ്പോൾ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. പരാതി വന്നാൽ പാർട്ടി ഗൗരവത്തിൽ കെെകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചാൽ പാർട്ടി അതനുസരിച്ച് ഗൗരവത്തിൽ കാര്യങ്ങൾ കെെകാര്യം ചെയ്യും. ഇപ്പോൾ പരാതി എഴുതിത്തന്നിട്ടില്ല. എഴുതിനൽകിയ പരാതി ഇല്ലാത്തിടത്തോളം ഒരു എംഎൽഎയെ കൊണ്ട് രാജിവയ്പ്പിക്കാൻ സാധിക്കില്ല. ഇപ്പോൾ അങ്ങനെ ഒരു തീരുമാനം പാർട്ടിയുടെ മുന്നിലില്ല. എഴുതി നൽകിയ പരാതി ഇല്ലാത്ത സാഹചര്യത്തിൽ എംഎൽഎയെ രാജിവയ്പ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി സൂചിപ്പിച്ചിരിക്കുന്നത്',- മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |