SignIn
Kerala Kaumudi Online
Tuesday, 26 August 2025 9.03 AM IST

അതിരുകൾ മായ്ക്കുന്ന ആത്മീയാമൃതം

Increase Font Size Decrease Font Size Print Page

sivagiri


ശ്രീനാരായണ സന്ദേശ പ്രചരണം ആഗോളതലത്തിൽ അർത്ഥപൂർണമായി നടക്കുന്ന ഒരു കാലഘട്ടമാണിത്. ശിവഗിരി മഠമാണ് ഇതിന് മുഖ്യകാർമ്മികത്വം വഹിക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശിവഗിരി മഠത്തിന്റെ അഫിലിയേറ്റഡ് സെന്ററായി ലണ്ടനിൽ ശിവഗിരി ആശ്രമം ഒഫ് യു.കെ എന്ന ആത്മീയകേന്ദ്രം ലണ്ടനിലെ ഒരുസംഘം ഗുരുഭക്തന്മാരുടെ ഉത്സാഹത്താലാണ് ഉടലെടുത്തത്. ഗുരുവിന്റെ സംന്യസ്ത ശിഷ്യപരമ്പര നിർദ്ദേശങ്ങളും സഹായവും നല്‍കി. ഗുരുമന്ദിരവും സത്സംഗ പഠനക്ലാസുകളും സമൂഹപ്രാർത്ഥനയും അർച്ചനയും ഈ ആത്മീയ കേന്ദ്രത്തിൽ മുടങ്ങാതെ നടന്നുവരുന്നു.

ഈ മാസം 29, 30, 31 തീയതികളിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും എന്ന ആദ്ധ്യാത്മിക മഹായജ്ഞം ഇതിനൊക്കെ തിലകം കുറിക്കുമാറ് സംഘടിപ്പിച്ചിരിക്കുകയാണ്. ഗുരുദേവന്റെ ഏകലോക ദർശനവും ശ്രീശങ്കര- ശ്രീനാരായണ അദ്വൈത ദർശനത്തിന്റെ സാജാത്യവൈജാത്യതലങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടും. ഗുരുദേവന്റെ അവതാരം മുതൽ മഹാസമാധി വരെയും ഗുരുദേവ ശിഷ്യന്മാരുടെയും ഗുരുദേവ പ്രസ്ഥാനത്തിന്റെയും ചരിത്രവും ആവിർഭാവ പുരോഗതിയും പഠന വിഷയമാകും. ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന വിശ്വസന്ദേശത്തിന് ഒരൊറ്റ ജനത, ഒരൊറ്റ ലോകം, ഒരൊറ്റ നീതി എന്ന ദാർശനിക കാഴ്ചപ്പാടിൽ ഏകലോക വ്യവസ്ഥിതിയെക്കുറിച്ച് ചർച്ചകൾ നടക്കും.

ഗുരുദർശനം

അമൃതവർഷം

ആഗോളതലത്തിൽ ജാതി, മതം, ദൈവം, ദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ഭേദചിന്തകളും വംശീയതയും നടമാടുന്ന ഇക്കാലത്ത് ഗുരുദർശനത്തിന്റെ പ്രസക്തി ഏറെയാണ്. മതപരിവർത്തനങ്ങൾ കൊണ്ടും മതത്തിന്റെ പേരിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾകൊണ്ടും എവിടെയും സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥയിലൂടെയാണ് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വിഭാഗീയമായി ആവിർഭവിച്ചിട്ടുള്ള ഈ കാട്ടുതീ അണയ്ക്കുവാൻ ഗുരുദേവ ദർശനത്തിന്റെ അമൃതവർഷം പൊഴിക്കേണ്ടതുണ്ട്. "മനുഷ്യരെല്ലാം ഒന്ന്; അതാണ് നമ്മുടെ മതം" എന്ന ഗുരുദർശനം സമസ്ത ജനതയുടെയും ഏകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.


അരുവിപ്പുറത്തു നിന്ന് ഏകത്വദർശനത്തിന്റെ ശംഖനാദം മുഴക്കിക്കൊണ്ട് ഗുരുദർശനം അവതീർണമായി. ആദ്യസന്ദേശമായി ഗുരുദേവൻ ലോകത്തിനു നല്‍കിയ 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാമിത്" എന്ന ഏകലോക വ്യവസ്ഥിതിയെ സംസ്ഥാപനം ചെയ്യുന്നതിനു വേണ്ടിയാണ് 33-ാം വയസു മുതൽ 73-ാം വയസിലെ മഹാസമാധി വരെ ആയുസും വപുസും ആത്മതപസും ബലിയർപ്പിച്ച് ഗുരുദേവൻ കർമ്മപ്രപഞ്ചത്തിൽ മുഴുകിയത്. നാടൊട്ടുക്ക് ക്ഷേത്രങ്ങളും മഠങ്ങളും എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും ശ്രീനാരായണ ധർമ്മസംഘമെന്ന സന്യാസി സംഘവും സ്ഥാപിച്ചത് ഈ മഹിതമായ ദർശനത്തിന്റെ സാഫല്യതയ്ക്കു വേണ്ടിയാണ്.

ഗുരുദർശനത്തിന്റെ

സാർവകാലികത

അരുവിപ്പുറത്ത്,​ നിർജ്ജനമായ ഒരു നദീതീരത്ത് ഗുരുദേവൻ പ്രോദ്ഘാടനം ചെയ്ത പ്രസ്ഥാനം ഇന്ന് കേരളത്തിന്റെയും ഭാരതത്തിന്റെയും അതിർത്തികളെ അതിലംഘിച്ചുകൊണ്ട് വിശാലമായ ലോകത്തേക്ക് കടന്നുചെന്നിരിക്കുന്നു. ഗുരുദേവന്റെ 171-ാം ജയന്തിയാണ് ഇപ്പോൾ സമാഗതമാകുന്നത്. മറ്റ് മത- ദാർശനിക ചിന്താധാരകൾക്ക് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. ബുദ്ധന്റെയും ക്രിസ്തുവിന്റെയും നബിയുടെയും സന്ദേശങ്ങൾ ആ മഹാത്മാക്കളുടെ കാലശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരം നേടിയതിനു പിന്നിൽ രാജാക്കന്മാരുടെയും രാജവംശങ്ങളുടെയും സാമ്രാജ്യങ്ങളുടെയും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നു.

ഇന്ത്യയുടെ തെക്കേയറ്റത്ത്,​ കേരളക്കരയിൽ ഒരു അധ:സ്ഥിത പിന്നാക്ക ജനവിഭാഗത്തിൽ പിറവിപൂണ്ട ശ്രീനാരായണ ഗുരുവിനും അവിടുത്തെ തത്വദർശനത്തിന്റെ പ്രചാരണത്തിനും അനുകൂലമായ സാഹചര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ. ഭാഗ്യവശാൽ,​ ഈ ആധുനികകാലത്ത് ഗുരുദേവ ദർശനത്തിന്റെ തനിമ കണ്ടെത്തി,​ അതിന്റെ പ്രചരണത്തിൽ ബദ്ധശ്രദ്ധരായി വളർന്നുവരുന്ന ഒരു പുതിയ തലമുറ രൂപംകൊണ്ടിട്ടുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി ഏതാണ്ട് ഇരുപതോളം രാജ്യങ്ങളിൽ ചെറുതും വലുതുമായ ശ്രീനാരായണ പ്രസ്ഥാനങ്ങൾ രൂപം പ്രാപിച്ചിട്ടുണ്ട് എന്നതും എത്രയും ആശ്വാസകരമാണ്.
ശിവഗിരി ആശ്രമം ഒഫ് യു.കെ. എന്ന ശ്രീനാരായണ ദാർശനിക പഠനകേന്ദ്രം ആവിർഭവിച്ചത് ഇതിന്റെ ഭാഗമായാണ്.

ശ്രീനാരായണ

ദിവ്യപ്രബോധനം

ലണ്ടനിൽ വച്ച് ശ്രീനാരായണ ദാർശനിക ഹാർമണി- 2025 നടന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അതുപോലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗുരുദേവന്റെ ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമുള്ള നിരവധി ചരിത്ര,​ ദാർശനിക ഗ്രന്ഥങ്ങൾ സമർപ്പണം ചെയ്തതും ശ്രദ്ധേയമാണ്. ഗുരുദർശനത്തിന്റെ യഥാർത്ഥ സ്വരൂപം ശാസ്ത്രീയമായി പഠിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്. സന്യാസിമാർക്കൊപ്പം ഗുരുദർശനത്തിന്റെ സൂക്ഷ്മത അവധാരണം ചെയ്ത നിരവധി ആചാര്യന്മാരും പ്രബോധനത്തിൽ പങ്കെടുക്കുന്നുണ്ട്.

സെപ്റ്റംബർ ഒന്നിന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ച് അതിമഹത്തായ ഒരു ഗ്രന്ഥ സമർപ്പണം നടത്തുന്നുണ്ട്. നൂറുഭാഷങ്ങളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 'ദൈവദശക"ത്തിന്റെ തർജ്ജമയുടെ സമാഹാര ഗ്രന്ഥം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ സമർപ്പണം ചെയ്യപ്പെടുന്ന ചടങ്ങാണിത്. ഗിരീഷ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ വിവർത്തനം ചെയ്യപ്പെട്ടതാണ് ഈ ഗ്രന്ഥം. ഓക്സ്ഫോർഡ് മേയർ ലൂയിസ് അപ്റ്റെൻ ആണ് മുഖ്യാതിഥി. പ്രൊഫ. അലക്സ് ഗ്യാത്,​ ശിവഗിരിമഠം ഉപദേശക സമിതി അംഗം കെ.ജി. ബാബുരാജൻ, ശിവഗിരി ആശ്രമം ഒഫ് യു.കെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, ട്രഷറർമാരായ ദിലീപ് വാസുദേവൻ, അനിൽകുമാർ രാഘവൻ തുടങ്ങിയവരും സ്വാമി ശിവനാരായണ തീർത്ഥ, പ്രഭാഷകയും എഴുത്തുകാരിയുമായ ഗുരുദർശന രഘന, ഗുരുധർമ്മ പ്രച്രാണ സഭയുടെ യുവജന വിഭാഗം ചെയർമാൻ രാജേഷ് സഹദേവൻ, ഗിരീഷ് ഉണ്ണിക്കൃഷ്ണൻ കൊടുങ്ങല്ലൂർ എന്നിവരും,​ ശിവഗിരി ആശ്രമം ഒഫ് യു.കെയുടെ എക്സിക്യുട്ടീവ് ബോർഡ് അംഗങ്ങൾ, സേവനം യു.കെയുടെ ഭാരവാഹികൾ എന്നിവരൊക്കെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.