കൊച്ചി: മുൻമന്ത്രി ഡോ. തോമസ് ഐസക്കിനെ വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവായി നിയമിച്ചതിനെതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ഉപദേഷ്ടാവിനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും പ്രതിഫലം വാങ്ങാതെയാണ് തോമസ് ഐസക്ക് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. ഹർജി നൽകിയ തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത കോടതി, തെറ്റായ ലക്ഷ്യങ്ങളോടെയാണ് ഹർജിയെന്നും കുറ്റപ്പെടുത്തി.
പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് (ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ) ഡിപ്പാർട്ട്മെന്റ് 2024 ഡിസംബർ 12നാണ് തോമസ് ഐസക്കിനെ ഉപദേഷ്ടാവായി നിയമിച്ച് ഉത്തരവിട്ടത്. ഇത്തരത്തിലൊരു ഡിപ്പാർട്ട്മെന്റ് ഇല്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തപ്പോഴുണ്ടായ തെറ്റാണ് വകുപ്പിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിന് കാരണമായതെന്ന അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണം കോടതി അംഗീകരിച്ചു.
ഡ്രൈവർക്കുള്ള വേതനം, ഇന്ധനച്ചെലവ് ഇനങ്ങളിൽ മാസം 70,000 രൂപ മാത്രമാണ് തോമസ് ഐസക്കിന് നൽകുന്നതെന്ന് സർക്കാർ അറിയിച്ചിരുന്നു. പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ ഖജനാവിന് നഷ്ടമാകുമെന്ന ഹർജിക്കാരന്റെ വാദം തെറ്റാണെന്നും വ്യക്തമാക്കി. തോമസ് ഐസക്കിന് കേസിൽ കക്ഷിചേർന്ന് സത്യവാങ്മൂലം ഫയൽ ചെയ്യേണ്ടിവന്നത് ദൗർഭാഗ്യകരമായെന്നും കോടതി പറഞ്ഞു. അമിക്കസ് ക്യൂറി വിഷയം കൃത്യമായി കൈകാര്യം ചെയ്തതിനാൽ മാത്രം ഹർജിക്കാരന് പിഴ ചുമത്തുന്നത് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |