തിരുവനന്തപുരം: തൃശൂർപൂരം കലക്കൽ, ഇന്റലിജൻസ് മേധാവി പി.വിജയനെതിരായ സ്വർണക്കടത്ത് ആരോപണം എന്നിവയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ കുറ്റക്കാരനാക്കി മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു. പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പരിശോധിച്ച് അഭിപ്രായമറിയിക്കണമെന്ന നിർദ്ദേശത്തോടെയാണിത്. അതേസമയം, ആരോപണങ്ങളെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടില്ല.
മുൻ ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ തിരിച്ചയയ്ക്കുന്നത് അസാധാരണമാണ്.
ഇതോടെ അജിത്തിനെ സംരക്ഷിക്കാൻ വേണ്ടിയാണിതെന്ന ആരോപണം ശക്തമായി. നേരത്തേ ഒരുവട്ടം പൂരംകലക്കൽ റിപ്പോർട്ടിൽ റവാഡയോട് നിലപാട് തേടിയെങ്കിലും, താൻ ആസമയത്ത് കേരളത്തിൽ ഇല്ലാതിരുന്നതിനാൽ അഭിപ്രായം പറയാനാവില്ലെന്നായിരുന്നു മറുപടി നൽകിയത്.
പൂരം കലങ്ങിയതിൽ അജിത്തിന് ഗുരുതരവീഴ്ചയെന്നാണ് മുൻ ഡി.ജി.പിയുടെ അന്വേഷണറിപ്പോർട്ട്. പൂരത്തിനിടെ ഗുരുതരപ്രശ്നങ്ങളുണ്ടായിട്ടും സ്ഥലത്തുനിൽക്കാതെ ഉറങ്ങാൻ പോയത് ഗുരുതര കൃത്യവിലോപവും അനാസ്ഥയുമാണെന്നുമടക്കം അജിത്തിന്റെ വീഴ്ചകൾ ഇതിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മന്ത്രി കെ.രാജനും അജിത്തിനെതിരെ മൊഴിനൽകിയിരുന്നു.
കരിപ്പൂർ സ്വർണക്കടത്തിൽ എ.ഡി.ജി.പി പി.വിജയന് ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് അറിയിച്ചിരുന്നതായി അജിത്ത് ഡി.ജി.പിക്ക് മൊഴിനൽകിയിരുന്നു. ഇതുനിഷേധിച്ച സുജിത്ദാസ്, വിജയനെക്കുറിച്ച് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തനിക്കെതിരെ കള്ളമൊഴി നൽകിയ അജിത്തിനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സ്വർണക്കടത്തിൽ ബന്ധമില്ലാത്ത വിജയനെ കുറ്റവാളിയാക്കാനുള്ള ശ്രമവും ക്രിമിനൽ ഗൂഢാലോചനയും മുൻ ഡി.ജി.പി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
റവാഡയുടെ നിലപാട് നിർണായകം
1.മുൻ ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി റവാഡ ചന്ദ്രശേഖർ തള്ളുമോ
2.താൻ സംഭവസമയത്ത് കേരളത്തിൽ ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിൽനിന്ന് ഒഴിയുമോ
3.മുൻ ഡി.ജി.പിയുടേത് പഴുതുകളില്ലാത്ത അന്വേഷണമാണെന്ന് പറഞ്ഞ് റിപ്പോർട്ട് അംഗീകരിക്കുമോ
ശാസനയോ താക്കീതോ?
ജൂലായിൽ ഡി.ജി.പി റാങ്ക് ലഭിക്കേണ്ട അജിത്തിനെതിരെ സസ്പെൻഷനടക്കമുള്ള കടുത്ത നടപടി ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെ താക്കീത് ചെയ്തേക്കും. ശാസിച്ചാൽ രേഖയിലാവുമെന്നതിനാൽ അതൊഴിവാക്കാൻ സാദ്ധ്യതയുണ്ട്.
വിജിലൻസ് കോടതി
ഉത്തരവിനെതിരെ
അജിത്കുമാറിന്റെ ഹർജി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളി തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണറും എ.ഡി.ജി.പിയുമായ എം.ആർ. അജിത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് പരിഗണിക്കും.
സമഗ്രമായ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് ശരിയായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതിയുടെ ഉത്തരവെന്ന് ഹർജിയിൽ ആരോപിക്കുന്നു. പൊള്ളയായ അരോപണങ്ങൾ അന്വേഷണത്തിൽ തുറന്നു കാട്ടിയിട്ടും വിജിലൻസ് കോടതി പരിശോധിച്ചില്ല.
ഉത്തരവിൽ അനാവശ്യ അഭിപ്രായ പ്രകടനവും കോടതിയിൽ നിന്നുണ്ടായി.
സാക്ഷി മൊഴികളും, ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രമാണങ്ങളടക്കം റിപ്പോർട്ടിനൊപ്പമുണ്ടായിരുന്ന രേഖകളും പരിശോധിച്ചില്ല. എം.എൽ.എയായിരുന്ന നേതാവ് മാദ്ധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങൾ തന്നെയാണ് സ്വകാര്യ അന്യായമായി പരാതിക്കാരൻ നൽകിയത്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന്
പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |