ആർജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും നടിയും സംരംഭകയുമായ ആര്യയും ഓഗസ്റ്റ് 20നാണ് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മകൾ ഖുഷി ആണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപിടിച്ച് കയറ്റിയത്. ആര്യയ്ക്ക് സിബിൻ താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുഷിയെ കാണാമായിരുന്നു. വിവാഹത്തിന് മുൻപ് മെഹന്ദി ചടങ്ങും സംഗീത് നെെറ്റമുണ്ടായിരുന്നു. ഇപ്പോഴിതാ സംഗീത നെെറ്റിലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാണ്.
ആര്യയുടെ പിതാവ് സതീഷ് ബാബു ഏഴ് വർഷം മുൻപ് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ എഐ വീഡിയോയാണ് അപ്രതീക്ഷിതമായി ആര്യയെ തേടിയെത്തിയത്. പിതാവിനെ സ്ക്രീനിൽ കാണിച്ചപ്പോൾ ഉള്ള ആര്യയുടെ മുഖഭാവമാണ് ഈ വീഡിയോയിൽ ഉള്ളത്. പിതാവ് ആര്യയ്ക്ക് വിവാഹാശംസ നേരുന്നതാണ് എഐ വീഡിയോയിലുള്ളത്. ഇത് കണ്ട് ആര്യ കരയുന്നതും സിബിൻ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെ മകൾ ഖുഷിയുടെ കെെപിടിച്ച് വിവാഹവേദിയിലേക്ക് വരുന്ന ആര്യയുടെ ചിത്രങ്ങളും വീഡിയോയും വെെറലായിരുന്നു.
ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |