ആലപ്പുഴ: പൂവ് ഇറുക്കുന്ന ലാഘവത്തോടെയാണ് യുവതലമുറ കൊലപാതകങ്ങൾ ചെയ്യുന്നതെന്നും. റാഗിംഗ് എന്ന വിപത്തിനെ കാമ്പസിൽ നിന്ന് വേരോടെ പിഴുതെറിയണമെന്നും സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവതരിപ്പിച്ച വാർഷിക പൊതുയോഗ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ ഉന്നത ഉദ്യോഗസ്ഥർ പോലും കറുപ്പ് നിറത്തിന്റെ പേരിൽ ആക്ഷേപിക്കപ്പെടുന്നു. മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുറന്നു പറയാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണ്. വേടനോടും വേടന്റെ പാട്ടിനാേടും ഇതേ സമീപനമാണ് ചിലർ പുലർത്തിയത്. മറവിക്കെതിരെയുള്ള ഓർമ്മകളുടെ സമരമാണ് വേടന്റെ പാട്ടുകൾ. വേടൻ പാടി ഉറക്കുന്നവനല്ല,പാടി ഉണർത്തുന്നവനാണ്. വെളുത്ത തൊലിയെ മഹത്വവത്കരിക്കുന്ന ലോകത്തെ അവജ്ഞയോടെ അവഗണിക്കണം. വെളുപ്പിന് മഹത്വമില്ല, കറുപ്പിന് കുറവുമില്ല. പുറം കറുത്താലും മനസ് തങ്കമായിരിക്കണം. കൂടൽ മാണിക്യം ക്ഷേത്രത്തിൽ നടന്നതു പോലുള്ള അന്തസില്ലാത്ത പ്രവൃത്തികളെ തള്ളിപ്പറയാൻ എല്ലാ ഹൈന്ദവ സംഘടനകൾക്കും കഴിയണം. സാമൂഹ്യനീതിക്കായി പറയാനുള്ളത് പറയുക തന്നെ ചെയ്യും.വിമർശനങ്ങളെ ഭയന്ന് ഒളിച്ചോടാനും മുട്ടാളൻമാർക്ക് മുന്നിൽ മുട്ടു മടക്കാനും തയ്യാറല്ല.വഖഫ് നിയമ ഭേദഗതി വിഷയത്തിൽ,ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥിതിക്കും മേലെ മതത്തെ പ്രതിഷ്ഠിക്കുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും യോജിച്ചതല്ല. ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്തും കരിമരുന്നും ഒഴിവാക്കി ഈ തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ഗുണകരമായ കാര്യങ്ങൾക്കും ചെലവഴിക്കണം.
സമ്മേളനത്തിൽ എസ്.എൻ ട്രസ്റ്റ് പ്രസിഡന്റ് എം.എൻ.സോമൻ അദ്ധ്യക്ഷനായി. ട്രഷറർ ഡോ.ജി.ജയദേവൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ.എ.വി.ആനന്ദരാജ്, മോഹൻ ശങ്കർ, എ.സോമരാജൻ, കെ.പത്മകുമാർ, അശോകപ്പണിക്കർ, പി.എൻ.നടരാജൻ, ബിനീഷ് പ്ലാത്താനത്ത്, പി.സുന്ദരൻ, ഗോപിനാഥ് പാലക്കാട്, സി.ബി.രാജേന്ദ്രൻ, അജി.എസ്.ആർ.എം, സംഗീത വിശ്വനാഥൻ, ലീഗൽ അഡ്വൈസർ അഡ്വ എ.എൻ. രാജൻ ബാബു, ഓഡിറ്റർ അബ്ദുൾ റഹീം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |