കൊച്ചി: ഒരു ലക്ഷം രൂപ ശമ്പളവും സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്‌ത് ഡ്രൈവർ ജോലിക്കായി ദുബായിലെത്തിച്ച മലയാളികളുൾപ്പെടെ 200 ഓളംപേർ ജോലിയില്ലാതെ ലേബർ ക്യാമ്പിൽ ദുരിതത്തിൽ. തിരിച്ചയയ്‌ക്കണമെങ്കിൽ ഇതുവരെ ചെലവാക്കിയ മൂന്നു ലക്ഷത്തിലേറെ രൂപ നൽകണമെന്ന് ദുബായ് കമ്പനി ആവശ്യപ്പെട്ടതോടെ കുടുങ്ങിയ നിലയിലാണിവർ. തങ്ങൾ ആവശ്യപ്പെടാതെ ട്രാവൽ ഏജൻസി അയച്ചതാണെന്ന് ദുബായ് ടാക്‌സി അധികൃതർ പറയുന്നു.
കൊച്ചി കടവന്ത്രയിലെ ചാർട്ടേർഡ് എയർ ട്രാവൽസ് വഴി ദുബായ് ടാക്‌സി കമ്പനിയിൽ എട്ടുമാസം മുമ്പ് ജോലിക്ക് പോയവരാണ് കുടുങ്ങിയത്. ദുബായ് ടാക്‌സി ക്യാമ്പിലാണ് താമസം. ഒറ്റമുറിയിൽ 12 പേർ. കൃത്യമായി ഭക്ഷണവും വെള്ളവുമില്ല.
ട്രാവൽ ഏജൻസിയിൽ ബന്ധുക്കൾ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പണം നൽകിയതിന്റെ ബാങ്ക് രേഖകളും മറ്റും സഹിതം മരട് പൊലീസിൽ പരാതി നൽകിയതോടെ സ്ഥാപനം അടച്ചുപൂട്ടി. ഇവരുടെ ഫോൺ പ്രവർത്തിക്കുന്നില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
മൂന്നരലക്ഷം രൂപ നൽകിയാണ് ദുബായിൽ എത്തിയതെന്ന് മലപ്പുറം ഷമീർ മൻസിലിൽ കെ.വി. അക്‌ബർ പറഞ്ഞു. ദുബായിലെത്തിയാൽ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുമെന്ന വാഗ്ദാനവും പാഴായി. പ്രതിമാസം 500 ദിർഹം കണക്കിൽ എട്ടു മാസത്തെ തുക നൽകിയാലേ പാസ്‌പോർട്ട് തിരിച്ചുനൽകൂവെന്ന് കമ്പനി അറിയിച്ചു. തിരികെ വരാൻ മൂന്നു ലക്ഷത്തിലേറെ രൂപ ആവശ്യമാണ്. വായ്‌പയെടുത്തും മറ്റുമാണ് ദുബായിൽ എത്തിയതെന്നും വീണ്ടും പണം മുടക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും തട്ടിപ്പിനിരയായവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |