തിരുവനന്തപുരം: കേരളം ഞെട്ടുന്ന വാർത്താബോംബ് തന്റെ പക്കലുണ്ടെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആ 'ബോംബ്' എന്തായാലും പൊട്ടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ആവർത്തിക്കുന്നത്. പ്രതിപക്ഷ നേതാവിന്റേത് വീരവാദമല്ലെന്നും വെെകാതെ ഞെട്ടുന്ന വിവരം വരുമെന്നും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. ഇന്ന് വെളിപ്പെടുത്തൽ ഉണ്ടാകുമോയെന്ന് വ്യക്തമല്ല. വിവരങ്ങൾ പ്രതിപക്ഷ നേതാവ് തന്നെ തെളിവ് സഹിതം പുറത്തുവിടുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോർ കമ്മിറ്റി അംഗത്തിനെതിരായ വാർത്ത എങ്കിൽ വെറും കുടുംബ കാര്യമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതിരോധം.
കോൺഗ്രസിനെ വെട്ടിലാക്കിയ രാഹുൽമാങ്കൂട്ടത്തിൽ വിവാദം ഒരുവിധം കെട്ടടങ്ങുന്നതിനു പിന്നാലെയാണ് സിപിഎമ്മിനും ബിജെപിക്കും താക്കീതു നൽകുന്ന മുന്നറിയിപ്പ്. 'സിപിഎമ്മുകാർ അധികം കളിക്കരുത്. ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്, ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. കേരളം ഞെട്ടിപ്പോകുന്ന ഒരു വാർത്ത അധികം വൈകാതെ പുറത്തുവരും." ഇതായിരുന്നു സതീശൻ കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
കന്റോൺമെന്റിലേക്ക് കാളയുമായി പ്രകടനം നടത്തിയ ബിജെപിക്കാർ, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് കാളയുമായി പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറുംവാക്കു പറഞ്ഞ് ഞെളിയുന്ന നേതാവല്ല സതീശൻ. അതിനാൽ രാഷ്ട്രീയ താത്പര്യമുള്ളവരുടെ കാത്തിരിപ്പിന് എരിവേറും. ഐഎഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ആളും മന്ത്രിയായി തുടരുന്നുവെന്ന പരാമർശവും ഗൗരമുള്ളതാണ്. സതീശൻ ലക്ഷ്യം വയ്ക്കുന്നത് ആരെയെന്നും എന്താണ് പുറത്തുവിടാൻ പോകുന്ന രഹസ്യമെന്നുമുള്ള ആകാംക്ഷയാണ് പൊതുവിലെ ചർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |