തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ മുഴുവൻ പൊലീസുകാരെയും വെറുതെവിട്ട കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ പ്രഭാവതി. തന്നെയുംകൂടെ കോടതി കൊന്നുകളയാത്തതെന്തെന്ന് വയോധിക ചോദിച്ചു. അന്വേഷണത്തിൽ സിബിഐയ്ക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസിലെ അഞ്ചുപ്രതികളെയും വെറുതെവിട്ടത്. ഒരു പ്രതി നേരത്തെ മരണപ്പെട്ടിരുന്നു.
'എന്റെ മകനെ അവർ പച്ചയ്ക്ക് തിന്നു. വീണ്ടും കോടതിയിൽ പോകാൻ നിവൃത്തിയില്ല. ആരുടെയെങ്കിലും സഹായം തേടാനും വഴിയില്ല. കേസ് അന്വേഷണത്തിൽ പാളിച്ചകൾ ഇല്ലായിരുന്നു. എങ്ങനെയാണ് പ്രതികൾ പുറത്തിറങ്ങിയതെന്ന് അറിയില്ല. എല്ലാവരും കൂടെ ശ്രമിച്ചാണ് പ്രതികളെ പുറത്തിറക്കിയത്. അല്ലെങ്കിൽ ഇത്രപെട്ടെന്ന് എങ്ങനെയാണ് പുറത്തിറങ്ങിയത്. ആരോ ഇതിന് പിന്നിൽ കളിച്ചിട്ടുണ്ട്. അവർക്ക് ശിക്ഷ കിട്ടണം, അതാണ് എന്റെ ആവശ്യം. ഒരു കോടതിക്കും ഹൃദയമില്ല. ഞാനിനി എന്തുചെയ്യണമെന്ന് നിങ്ങൾ പറഞ്ഞുതരൂ'- പ്രഭാവതി ചോദിച്ചു.
സിബിഐ അന്വേഷണത്തിൽ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ഒന്നാംപ്രതിക്ക് സിബിഐ കോടതി വിധിച്ച വധശിക്ഷയടക്കം റദ്ദാക്കി. കേസിൽ ആറ് പ്രതികളാണുള്ളത്. ഡിവൈഎസ്‌പി, എസ്‌പി, എഎസ്‌ഐ, സിപിഒ എന്നീ റാങ്കിലുള്ളവരായിരുന്നു പ്രതികൾ. ഒന്നാംപ്രതി എഎസ്ഐ കെ ജിതകുമാർ, രണ്ടാംപ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |