വാരാണസി: ശ്രീകോവിലിൽ നടന്ന പൂജയ്ക്കിടെ തീപ്പിടിത്തം. ക്ഷേത്രം മേൽശാന്തി ഉൾപ്പെടെ ഏഴ് പേർക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ വാരാണസിയിലെ ആത്മ വീരേശ്വര ക്ഷേത്രത്തിലായിരുന്നു സംഭവം. ശ്രാവണ പൂർണിമ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആരതിക്കിടെയാണ് തീപ്പിടിത്തം ഉണ്ടായത്. പൂജയ്ക്കായി പഞ്ഞി കൊണ്ട് അലങ്കരിച്ച വസ്തുക്കളിൽ നിന്ന് വിളക്ക് മറിഞ്ഞുവീണാണ് തീ പടർന്നത്.
ഏകദേശം 30ഓളം ഭക്തരാണ് തീപ്പിടിത്തം ഉണ്ടായ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നത്. പൊള്ളലേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ശ്രാവൺ പൗർണ്ണമി ദിനത്തോട് അനുബന്ധിച്ച് ആത്മ വിശ്വേശ്വർ മഹാദേവ ക്ഷേത്രം പ്രത്യേകം അലങ്കരിക്കുകയും പൂജകൾ നടത്തുകയും ചെയ്യും. ഈ വർഷം അമർനാഥ് ക്ഷേത്രത്തെ മാതൃകയാക്കാൻ പഞ്ഞി കൊണ്ട് അലങ്കരാം സ്ഥാപിച്ചിരുന്നു. ഈ പഞ്ഞിയിൽ നിന്നാണ് തീപിടിച്ചത്
വളരെ പെട്ടെന്ന് തന്നെ ഭക്തരെ ഒഴിപ്പിച്ചതിനാൽ ആർക്കും ഗുരതരമായി പൊള്ളലേറ്റിട്ടില്ല. ഫയർഫോഴ്സ് എത്താൻ വൈകിയതിനാൽ നാട്ടുകാർ എത്തി പഞ്ഞിയിൽ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ ഏഴ് പേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |