സാൻ ജോസ്; കടുംഓറഞ്ച് നിറത്തിലെ അപൂർവയിനം സ്രാവിനെ ആദ്യമായി കണ്ടെത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ശാസ്ത്രജ്ഞർ. കോസ്റ്റ റീക്കയിലെ ടോർച്ചുഗീറോ ദേശീയ ഉദ്യാനത്തിന് സമീപത്തായി കഴിഞ്ഞ വർഷമാണ് ഓറഞ്ച് നിറത്തിലെ സ്രാവ് എത്തിയത്. മറൈൻ ബയോളജി ജേർണലിൽ അടുത്തിടെയാണ് ശാസ്ത്രജ്ഞർ ഈ അത്യപൂർവ സ്രാവിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.
കഴിഞ്ഞ വർഷമെടുത്ത ഈ ചിത്രങ്ങൾ, പാരിസിമ ഡോമസ് ഡീ എന്ന ടൂറിസ്റ്റ് കമ്പനിയാണ് പോസ്റ്റ് ചെയ്തത്. കമ്പനി നടത്തിയ മത്സ്യബന്ധന യാത്രയിൽ ചില മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. ഇതിനിടെയാണ് കടലിന്റെ 37 മീറ്റർ ആഴത്തിൽ 31.2 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഈ അപൂർവ മത്സ്യത്തെ കണ്ടെത്തിയത്. ഒരു ഗോൾഡൻ ഫിഷിനെ കണ്ടെന്നാണ് കമ്പനി മറൈൻ വിദഗ്ദ്ധരോട് പറഞ്ഞത്. പിന്നീടാണ് ചിത്രങ്ങളിലുള്ളത് അപൂർവയിനം സ്രാവ് ആണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്.
ആൽബിനിസം, സാൻന്തിസം എന്നിങ്ങനെ രണ്ടുതരം ജനിതക മാറ്റങ്ങളാണ് സ്രാവിന്റെ കടുംഓറഞ്ച് നിറത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് മെലാനിന്റെ ഉത്പാദനത്തെ സ്വാധീനിക്കുന്നു. മൃഗലോകത്ത് വളരെ അപൂർവമായി മാത്രമാണ് സാന്തിസം കാണപ്പെടുന്നത്. മുമ്പ് ചില മത്സ്യങ്ങളിലും, ഉരഗങ്ങളിലും, പക്ഷികളിലും ഇത് നിരീക്ഷിക്കപ്പെട്ടിരുന്നു. കരീബിയൻ കടലിലെ തരുണാസ്ഥി മത്സ്യങ്ങളിൽ സാന്തിസം കണ്ടെത്തുന്ന ആദ്യത്തെ കേസാണിത്.
പുതിയ സ്രാവിനെ കണ്ടെത്തിയത് പ്രാദേശിക സ്രാവുകളുടെ ജനിതക വൈവിധ്യത്തെക്കുറിച്ചുള്ള വിശാലമായ പഠനത്തിലേയ്ക്ക് നയിക്കാമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. എന്നാൽ പുതിയയിനം സ്രാവിന്റെ കടുംനിറം ശത്രുക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുമെന്നും ഇത് ജീവനുവരെ ഭീഷണിയാകുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |