വിദേശത്ത് പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ അനവധിയാണ്. ഉയർന്ന ശമ്പളം, നല്ല ജീവിത രീതി തുടങ്ങിയവ കാരണമാണ് ആളുകൾ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യക്കാരെ കൂടുതലായി നിയമിക്കാൻ ശ്രമിക്കുകയാണ് റഷ്യ. മിഷനറി, ഇലക്ടട്രോണിക് മേഖലകളിലാണ് വിദേശ തൊഴിലാളികളെ റഷ്യ തേടുന്നത്. റഷ്യ വലിയ രീതിയിൽ തൊളിലാളി ക്ഷാമം നേരിടുന്നുണ്ടെന്നാണ് വിവരം. ഇത് നികത്താനാണ് ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നത്. റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മോസ്‌കോ ഇന്ത്യൻ തൊഴിലാളികളിൽ അമിതമായി താൽപര്യം കാണിക്കുന്നുവെന്നും അടുത്തിടെയായി റഷ്യ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൂടുതലും ഇന്ത്യക്കാർ
റഷ്യൻ കമ്പനികൾ പ്രത്യേകിച്ച മെഷിനറി, ഇലക്ട്രോണിക് മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരെ നിയമിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ പേർ റഷ്യയിലേക്ക് എത്തുന്നുണ്ടെന്നും ഇത് ജോലിഭാരം വർദ്ധിപ്പിച്ചതായും വിനയ് കുമാർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. റഷ്യയിൽ തൊഴിലാളികളുടെ ആവശ്യം വളരെ കൂടുതലാണ്. അതിൽ കൂടുതൽ കമ്പനികളും ഇന്ത്യക്കാരെയാണ് നിയമിക്കുന്നതെന്ന് വിനയ് വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരുടെ വർദ്ധനവ് കാരണം യെക്കാറ്റെറിൻബർഗിൽ പുതിയ കോൺസുലേറ്റ് തുറക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.
റഷ്യയിലേക്കുള്ള യാത്രയ്ക്ക് സൗകര്യം ഒരുക്കുന്നതിനും വ്യാപാരം വർദ്ധിപ്പിക്കുന്നതിനും കസാനിലും യെക്കാറ്റെറിൻബർഗിലും രണ്ട് പുതിയ കോൺസുലേറ്റകൾ തുറക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി കഴിഞ്ഞ ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തിൽ വർദ്ധന
സമീപവർഷങ്ങളിലായി റഷ്യയിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2021ൽ 5,489 ഇന്ത്യക്കാർക്ക് റഷ്യയിൽ വർക്ക് പെർമിറ്റ് ലഭിച്ചു. 2024ൽ ഇത് 36,208 ആയി എന്നാണ് കണക്ക്. 2025 അവസാനത്തോടെ ഇത് 10 ലക്ഷം എത്തുമെന്നാണ് കരുതുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും എത്തിക്കാനുള്ള ശ്രമം റഷ്യ നടത്തുന്നുണ്ട്.
'ഇന്ത്യയിൽ നിന്ന് നിരവധി പേർ റഷ്യയിൽ എത്തിയെന്ന അവകാശവാദം കൃത്യമല്ല. ഇന്ത്യയിലെ തൊഴിലാളികൾ ഒരു ക്വാട്ട സമ്പ്രദായത്തിലൂടെയാണ് (ഒരു നിശ്ചിത കാലത്തേക്ക് മാത്രം തൊഴിലാളികളുടെ വരവ് പരിമിതപ്പെടുത്തുന്ന രീതി) റഷ്യയിലേക്ക് എത്തുന്നത്. ഒരു വർഷത്തേക്കാണ് ക്വാട്ടകൾ നിശ്ചയിക്കുന്നത്. തൊഴിലുടമകളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് ക്വാട്ടയുടെ കാലയളവ് നിർണ്ണയിക്കുന്നത്' - റഷ്യൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2025ലെ ക്വാട്ടയുടെ കീഴിൽ ഇന്ത്യക്കാർക്ക് പരമാവധി വർക്ക് പെർമിറ്റുകൾ അനുവദിച്ചിരിക്കുന്നത് 71,817 മാത്രമാണെന്ന് റഷ്യൻ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളി ക്ഷാമത്തിന്റെ കാരണം
യുക്രെയ്നുമായുള്ള മൂന്ന് വർഷത്തെ യുദ്ധം മൂലം റഷ്യ വലിയ രീതിയിൽ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. റഷ്യയുടെ ജനസംഖ്യാപരമായ ഇടിവും കുടിയേറ്റ വിരുദ്ധ നയങ്ങളും ഈ പ്രവണത കൂടുതൽ വഷളാക്കി. റഷ്യൻ ഫാക്ടറികളിൽ 2024ൽ 47,000 വിദേശ തൊഴിലാളികളെ നിയമിച്ചതായി റിപ്പോർട്ടുണ്ട്. ഇത് സർക്കാർ നിശ്ചയിച്ച ക്വാട്ടയേക്കാൾ 16 ശതമാനം കൂടുതലാണ്. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും ചെെന, ഇന്ത്യ, തുർക്കി, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ട്.
വെൽഡർമാർ, കോൺക്രീറ്റ് തൊഴിലാളികൾ, ഫിനിഷർമാർ, ഭക്ഷ്യ-കാർഷിക ജീവനക്കാർ തുടങ്ങിയവരുടെ ആവശ്യം വർദ്ധിച്ചുവരികയാണെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസിയായ ഇൻട്രൂഡിന്റെ മാനേജിംഗ് ഡയറക്ടർ ദിമിത്രി ലാപ്‌ഷിനോവ് പറഞ്ഞു. റഷ്യൻ സായുധ സേനയും പ്രതിരോധ വ്യവസായങ്ങളും നടത്തുന്ന ഗണ്യമായ റിക്രൂട്ട്മെന്റ് അവിടെത്തെ തൊഴിലാളികളുടെ എണ്ണത്തിൽ വ്യാപക ഇടിവ് വരുത്തി. ഇതും മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ തേടുന്നതിന് ഒരു പ്രധാന കാരണമാണ്. യുക്രെയ്നുമായുള്ള യുദ്ധത്തിനിടെ നിരവധി റഷ്യക്കാർ പലായനം ചെയ്തിട്ടുമുണ്ട്. ഇതെല്ലാം തന്നെ തദ്ദേശിയ തൊഴിലാളികളുടെ എണ്ണം കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |