കൊടുങ്ങല്ലൂർ : അതിർത്തി കടന്ന് നേന്ത്രക്കായ വൻതോതിലെത്തിയതോടെ, ഓണക്കാലത്തിന് രസം പകരുന്ന ഉപ്പേരിയും ശർക്കര വരട്ടിയുമുണ്ടാക്കാനുള്ള നേന്ത്രക്കായയ്ക്ക് വിപണിയിൽ വിലയിടിവ്. തമിഴ്‌നാട് മേട്ടുപ്പാളയത്ത് നിന്നും ധാരാളം വാഴക്കുലകളുമായി ലോറിയെത്തിയതോടെ നേരത്തെ ഉണ്ടായിരുന്നതിലും വില വീണ്ടും കുറഞ്ഞു.
ഒന്നാം തരം നേന്ത്രക്കായയ്ക്ക് ചില്ലറ വില 35-36 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച 38-40 രൂപയുണ്ടായിരുന്നതാണ് വില ഇടിഞ്ഞ് 35-36 ലേക്ക് കൂപ്പുകുത്തിയത്. ഇതോടെ നാടൻ നേന്ത്രക്കായ വിപണിയിൽ നിന്നും അപ്രത്യക്ഷമായി. നാടൻ നേന്ത്രക്കായയ്ക്ക് 50-55 രൂപയാണ് വില. കാഴ്ച്ചയിൽ നല്ല എടുപ്പുണ്ടെങ്കിലും വിലവർദ്ധനവ് കാരണം നാടൻ നേന്ത്രക്കായയോട് ഇടനിലക്കാരായ കച്ചവടക്കാർ മുഖം തിരിക്കുകയാണ്. ഇതുമൂലം തമിഴ്നാടൻ ഏത്തക്കുലകൾ ഓണവിപണിയിൽ നല്ല തോതിൽ വിറ്റുപോകുന്നുണ്ട്.
ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയവ തയ്യാറാക്കാൻ തമിഴ് ഏത്തക്കുലകൾക്ക് ആവശ്യക്കാരേറി. അത്തരം കായ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിപ്‌സ് കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയുമെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. കഴിഞ്ഞവർഷം ഓണസീസണിൽ 50-55 രൂപയായിരുന്നു തമിഴ്‌നാട് ഏത്തക്കുലകൾക്ക്.
നാടന് കലികാലം
നാടൻ ഏത്തക്കായ കൃഷിയിറക്കിയ കർഷകർക്ക് ഇത്തവണ ദുരിതമാണ്. കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്. ഗ്രാമച്ചന്തകളും നിലച്ചുപോയതിനാൽ വിപണന സാദ്ധ്യത നഷ്ടമായി. വൻതോതിൽ നേന്ത്രക്കായ വിൽപ്പന നടക്കുന്ന ഓണം സീസണിലും വില കിട്ടാത്തത് കർഷകർക്ക് തിരിച്ചടിയായി. സഹകരണ ബാങ്കുകളുടെ ഓണച്ചന്തകളാണ് കർഷകർക്ക് ഏക പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |