തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് പത്തിരട്ടിയിലേറെ വർദ്ധിപ്പിച്ച കേന്ദ്ര തീരുമാനം അതേപടി അംഗീകരിച്ച കേരളം തുക ഈടാക്കാൻ തുടങ്ങി.
പഴയ കാറിന്റെ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് 800രൂപയിൽ നിന്നു 10,000 ആയി കേന്ദ്രം വർദ്ധിപ്പിച്ചെങ്കിലും കേരളം തുക കുറയ്ക്കുമെന്നാണ് കരുതിയിരുന്നത്.
വാഹനങ്ങൾക്ക് കേന്ദ്രം നിശ്ചയിച്ച പിഴത്തുക പകുതിയോളം കേരളം കുറച്ചിരുന്നു. എന്നാൽ ഇക്കുറി ഇളവിന് തയ്യാറായില്ലെന്ന് മാത്രമല്ല, രജിസ്ട്രേഷൻ ഫീസ് വർദ്ധനയ്ക്കുള്ള ക്രമീകരണം കേന്ദ്രം 'വാഹൻ'സോഫ്ട്‌വേറിൽ വരുത്തുന്നതിനു മുമ്പേ സ്വന്തം നിലയിൽ ഈടാക്കിതുടങ്ങി.
20 വർഷം കഴിഞ്ഞ വാഹനങ്ങളുടെ റീരജിസ്ട്രേഷന് ആർ.ടി.ഓഫീസുകളിലെത്തുമ്പോൾ കോമ്പൗണ്ടിംഗ് ഫീസ് എന്ന ഹെഡിൽ വർദ്ധിപ്പിച്ച ഫീസ് അടയ്ക്കാനാണ് നിർദ്ദേശിക്കുന്നത്. ഫീസ് വർദ്ധിപ്പിച്ചത് കേന്ദ്രമാണെങ്കിലും തുക മുഴുവൻ കിട്ടുന്നത് സംസ്ഥാനങ്ങൾക്കാണ്. അതാണ് കൊള്ളയ്ക്ക് കൂട്ടു നിൽക്കാൻ പ്രധാനകാരണം.
സാധാരണക്കാർക്ക് തിരിച്ചടി
കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ പഴയവാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടിയിരുന്നു. ഇതിന് പുറമേയാണ് ഫീസ് വർദ്ധന. പഴയ കാറുകൾ അറ്റകുറ്റപ്പണി തീർത്ത് രജിസ്‌ട്രേഷൻ പുതുക്കണമെങ്കിൽ വാഹനത്തിന്റെ വിലയെക്കാൾ ചെലവിടേണ്ട സ്ഥിതിയാണ്.
ഇടത്തരം കുടുംബങ്ങളാണ് സെക്കൻഡ് ഹാൻഡ് ചെറുകാറുകൾ വാങ്ങുന്നത്. ഓൾട്ടോ, മാരുതി 800, നാനോ, ഇൻഡിക്ക, സാൻട്രോ തുടങ്ങിയവയാണ് യൂസ്ഡ് കാർ വിപണിയിൽ കൂടുതലായി വിറ്റുപോകുന്നത്. ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തിനാലാണ് ഭൂരിഭാഗം കുടുംബങ്ങളും കാറുകളിലേക്ക് മാറുന്നത്. 1.5 ലക്ഷത്തിന് തരക്കേടില്ലാത്ത ചെറുകാറുകൾ ലഭിക്കും.
പഴയ ജീപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്ന മലയോരമേഖലയിലുള്ളവർക്കും തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |