ന്യൂഡൽഹി: സ്വപ്ന വാഹനം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ദീപിന് 'എട്ടിന്റെ പണി കൊടുത്ത്' ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) ഇല്ലാതെ വാഹനമോടിച്ചെന്നും നിയമം ലംഘിച്ചെന്നുമാരോപിച്ചാണ് ലക്നൗവിലെ ആർ.ടി.ഒ ഓഫീസിൽ നിന്നും ആകാശ്ദീപിന് നോട്ടീസ് ലഭിച്ചത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ വാഹനം നിരത്തിലിറക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
14 ദിവസത്തിനകം വിശദീകരണം നൽകണം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വാഹനം കൈമാറിയതിന് ആകാശ്ദീപ് വാഹനം വാങ്ങിയ ഡീലർമാർക്കും ഗതാഗത വകുപ്പ് നോട്ടീസ് ആയച്ചു. ഒരു മാസത്തെ സസ്പെൻഷനാണ് ഇവർക്ക് കിട്ടിയത്. ഓഗസ്റ്റ് ഏഴിന് വാഹനം വിറ്റതായും എട്ടിന് ഇൻഷുറൻസ് എടുത്തതായും രേഖയുണ്ട്. ഓഗസ്റ്റ് ഒൻപതിന് വാഹനത്തിന് ഫാൻസി നമ്പറും ലഭിച്ചു. എന്നാൽ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയാണെന്നാണ് ഗതാഗതവകുപ്പിന്റെ വാദം.
കഴിഞ്ഞ ദിവസമാണ് 62 ലക്ഷം രൂപയുടെ ടൊയോട്ട ഫോർച്യൂണർ ആകാശ് ദീപ് സ്വന്തമാക്കിയത്. കുടുംബാംഗങ്ങൾക്കൊപ്പമെത്തി വാഹനം വാങ്ങുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ‘സ്വപ്നം യാഥാർഥ്യമായി. താക്കോൽ സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം’ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിന് താഴെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളുടെ അഭിനന്ദനവുമെത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആകാശ്ദീപ് മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. പരമ്പരയിൽ മൂന്നു ടെസ്റ്റുകളിൽ കളിച്ച ആകാശ്ദീപ് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടവും നാല് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. 1986ൽ ചേതൻ ശർമയ്ക്ക് ശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തുന്ന ബോളറെന്ന നേട്ടവും ആകാശ്ദീപിനുണ്ട്. ഇതിനു പുറമേ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നൈറ്റ് വാച്ച്‌മാനായെത്തി അർധസെഞ്ച്വറിയും നേടി. ഈ നേട്ടങ്ങളുടെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് സ്വന്തം നാട്ടിൽ നിന്നും ഇത്തരമൊരു പ്രശ്‌നം ആകാശ്‌ദീപിന് നേരിടേണ്ടി വന്നത്.
എന്താണ് എച്.എസ്.ആർ.പി നമ്പർ പ്ളേറ്റുകൾ
വാഹനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരശേഖരണം നടത്തുന്നതിനുള്ള ഉപാധിയാണ് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകൾ. നിര്‍ദ്ദേശിക്കപ്പെട്ട അളവിലും ഫോണ്ടിലും നിറത്തിലുമായിരിക്കും എച്ച്.എസ്.ആര്‍.പി നമ്പർ പ്ലേറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |