ജീവിതത്തിൽ സ്വപ്‌നങ്ങളില്ലാത്തവർ അപൂർവമാണ്. പക്ഷേ എല്ലാവർക്കും അത് നേടിയെടുക്കാൻ സാധിക്കണമെന്നില്ല. സാഹചര്യങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. എന്നാൽ സാഹചര്യവും സ്വപ്‌നവും ഒരേവഴിയിലെത്തിച്ച വ്യക്തിയാണ് കൊല്ലം സ്വദേശിനി റിഫാന റെജീബ്. 13-ാം വയസിൽ ഉപ്പയുടെ ബിസിനസ് ഏറ്റെടുത്ത റിഫാന ഇന്ന് മൂന്ന് ബിസിനസുകളുടെ ഉടമയാണ്. സ്വന്തം സംരംഭത്തിലൂടെ നിരവധിപേർക്ക് വരുമാനമാർഗം നൽകാനും ഈ 26കാരിക്ക് ഇന്ന് സാധിക്കുന്നുണ്ട്.
ബിസിനസിലേക്കുള്ള ചുവടുവയ്‌പ്പ്
വളരെ ചെറിയ പ്രായം മുതൽ തന്നെ റിഫാനയ്‌ക്ക് ബിസിനസിനോട് താൽപ്പര്യമുണ്ടായിരുന്നു. ജുവലറി ബിസിനസ് നടത്തിയിരുന്ന പിതാവിനൊപ്പം റിഫാന സമയം ചെലവഴിച്ചു. ഒരു ജുവലറി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു. പിന്നീട് റിഫാനയുടെ 13-ാം വയസിലാണ് പിതാവിന്റെ അപ്രതീക്ഷിത വിയോഗമുണ്ടാകുന്നത്.
അതുവരെ ജീവിതത്തിലെ താങ്ങും തണലുമായിരുന്ന ഉപ്പയുടെ വിയോഗം തളർത്തേണ്ടിയിരുന്ന കുടുംബത്തെ തിരിച്ചുകൊണ്ടുവന്നതിൽ റിഫാനയ്‌ക്ക് വലിയ പങ്കുണ്ട്. മാതാവിനൊപ്പം ചേർന്ന് പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തി. സ്‌കൂളിൽ നിന്നെത്തിയാൽ ബിസിനസിലെ എല്ലാ കാര്യങ്ങളും നോക്കുന്നതായിരുന്നു റിഫാനയുടെ പതിവ്. ഇന്ന് വൻ വിജയമായി തന്നെ കൊല്ലം മൂന്നാംകുറ്റിയിലുള്ള അൽറിഫ ജുവലറി മുന്നോട്ട് പോകുന്നുണ്ട്.
പിന്നീട് റിഫാന ബിബിഎ പഠിക്കുന്ന കാലത്താണ് ലോകത്ത് കൊവിഡ് വ്യാപിക്കുന്നത്. മറ്റ് ജോലികളൊന്നും ഇല്ലാത്തതിനാൽ തന്നെ വീട്ടിൽ കേക്കുകളുണ്ടാക്കാൻ തുടങ്ങി. ഇതിന് ആവശ്യക്കാരേറിയതോടെ ഓർഡർ അനുസരിച്ച് കേക്കുകളുണ്ടാക്കാൻ തുടങ്ങി. വഴിയേ നല്ല രീതിയിലുള്ള ഒരു ബിസിനസായി മാറി. തുടർന്ന് കൊല്ലം കരിക്കോടിന് സമീപം റിഫാസ് ബേക്ക് എന്നപേരിലുള്ള സ്ഥാപനം ആരംഭിച്ചു. ആവശ്യക്കാർ പറയുന്നതിനനുസരിച്ചുള്ള കേക്കുകളാണ് ഇവിടെ തയ്യാറാക്കുന്നത്. എല്ലാ തീമിലുള്ള കേക്കുകളും ലഭ്യമാണ്.
പഠനം
ഈ തിരക്കിനിടയിലും പഠനത്തിൽ മിടുക്കിയായിരുന്നു റിഫാന. ബിസിനസിനോടുള്ള താൽപ്പര്യംകൊണ്ടുതന്നെ ബിബിഎ പഠിച്ചു. ജെമ്മോളജി അല്ലെങ്കിൽ ഡയമണ്ടുകളെക്കുറിച്ച് പിന്നീട് പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ചില സാഹചര്യങ്ങൾ കാരണം അതിന് സാധിച്ചില്ല. പിന്നീട് എംബിഎ പഠനശേഷം ഒരു അമേരിക്കൻ ബേസ്‌ഡ് കമ്പനിയിൽ ബംഗളൂരുവിൽ ജോലി ലഭിച്ചു. ഈ സമയം ഫാമിലി ബിസിനസായ ജുവലറി നോക്കിയിരുന്നത് മാതാവ് ആയിരുന്നു. കേക്ക് ബിസിനസ് നോക്കുന്നതിനായി വീട്ടമ്മമാരായ സ്റ്റാഫുകളെ ഏൽപ്പിച്ചു.
കുടുംബം
മാതാവ് റെസ്ലിൻ റെജീബ്, ഇളയ സഹോദരി റിൻസ റെജീബ് എന്നിവരടങ്ങുന്നതാണ് റിഫാനയുടെ കുടുംബം. ഡിഗ്രി പഠനകാലത്തായിരുന്നു വിവാഹം. ഭർത്താവ് കൊല്ലം സ്വദേശി രാഹുൽ ഷാജി ബിസിനസുകാരനാണ്. രാഹുലിന്റെ മാതാപിതാക്കളായ ഷാജിയും മിനിയും റിഫാനയ്‌ക്ക് പൂർണ പിന്തുണയാണ്. തന്റെ ഓരോ ഇഷ്‌ടവും മുന്നോട്ട് കൊണ്ടുപോകാൻ വേണ്ട എല്ലാ പിന്തുണയും നൽകുന്നത് ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളുമാണെന്ന് റിഫാന പറയുന്നു.
മൂന്നാമത്തെ ബിസിനസ്
ജോലിയിലിരിക്കെ തന്നെയാണ് മൂന്നാമത്തെ ബിസിനസിനെക്കുറിച്ചുള്ള ചിന്ത റിഫാനയുടെ മനസിലേക്കെത്തുന്നത്. ഉടനെ ഭർത്താവുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹത്തിന്റെ പിന്തുണയോടെ തന്നെ 'മെയ്‌ക്ക് സ്റ്റോറീസ് ഇവന്റ്' എന്ന പേരിൽ മൂന്നാമത്തെ സംരംഭം ആരംഭിച്ചു. ഇന്റിമേറ്റ് വെഡ്ഡിംഗ്, ജന്മദിന പാർട്ടികൾ, ബ്രൈഡൽ ഷവർ തുടങ്ങിയ ചടങ്ങുകളിലേക്കുള്ള ഡെക്കറേഷൻ തുടങ്ങി എല്ലാ കാര്യങ്ങളും ഇവർ ചെയ്‌തുകൊടുക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ഇപ്പോൾ വർക്കുകൾ ചെയ്യുന്നത്.
മൂന്ന് ബിസിനസും നല്ല രീതിയിൽ മുന്നോട്ട് പോയതോടെ റിഫാന ജോലി ഉപേക്ഷിച്ചു. തന്റെ ബിസിനസുകളെല്ലാം നല്ല രീതിയിൽ നോക്കാൻ വേണ്ടിയായിരുന്നു ജോലി ഉപേക്ഷിച്ചത്. ഇന്ന് നല്ല രീതിയിലുള്ള വരുമാനം നേടിയെടുക്കാൻ മാത്രമല്ല, തന്റെ സംരംഭങ്ങളിലൂടെ നിരവധിപേർക്ക് ജോലി നൽകാനും റിഫാനയ്‌ക്ക് സാധിക്കുന്നുണ്ട്.
ബിസിനസ് സ്വപ്‌നം കാണുന്നവരോട്
'എപ്പോഴും കസ്റ്റമറിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുക. അവരുടെ ആവശ്യങ്ങൾ ശരിയായി മനസിലാക്കി വേണം മുന്നോട്ടുപോകാൻ. പുതിയ മാറ്റങ്ങൾ കൊണ്ടുവരിക. എപ്പോഴും പുതുമ നിലനിർത്താൻ ശ്രമിക്കുക. എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടുവരുക. ഗുണമേന്മയിൽ ഒരിക്കലും വിട്ടുവീഴ്‌ച വരുത്താൻ പാടില്ല. ഏത് ബിസിനസായാലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുന്നോട്ടുപോകാനാകും' - റിഫാന പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |