കോഴിക്കോട്: ഇന്നലെ പെയ്‌ത ശക്തമായ മഴയിൽ വീട് തകർന്നു. തോട്ടുമുക്കം തരിയോട് ചക്കനാനിയിൽ മറിയാമ്മ (72)യുടെ വീടാണ് തകർന്നത്. തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്.
അടുക്കളയിൽ പാചകം പൂർത്തിയായ ശേഷം പ്രാർത്ഥിക്കുന്നതിനായി വീടിന്റെ മുൻവശത്തെ വരാന്തയിൽ വന്നിരുന്നതായിരുന്നു മറിയാമ്മ. വലിയ ശബ്‌ദം കേട്ട് നോക്കിയപ്പോൾ തൊട്ടുപിന്നിൽ മേൽക്കൂരയാകെ പൊട്ടി വീഴുന്നതാണ് കണ്ടത്. ഉടൻതന്നെ മുറ്റത്തേക്ക് ചാടിയതിനാലാണ് മറിയാമ്മ രക്ഷപ്പെട്ടത്. സമീപത്തെ വീട്ടിൽ കല്യാണമായതിനാൽ നാട്ടുകാരെല്ലാം അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്‌തത്. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. മറിയാമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്താ വകുപ്പ് അറിയിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |