കോഴിക്കോട്: കുറ്റ്യാടിയിൽ ക്യാൻസർ ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ അക്യുപങ്‌ചർ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം. 45കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.രോഗവിവരം മറച്ചുവച്ചാണ് സ്ഥാപനം യുവതിയെ ചികിത്സിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ആറ് മാസമായി ഹാജിറ സ്ഥാപനത്തിൽ ചികിത്സയ്ക്ക് വിധേയമാകുകയായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ചതോടെയാണ് മറ്റൊരു ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് ക്യാൻസറാണെന്ന് മനസിലായത്.
ബന്ധുക്കളെ അറിയിക്കാതെയാണ് ഹാജിറ ചികിത്സയ്ക്കായി സ്ഥാപനത്തിൽ എത്തിയത്. അവസാന ഘട്ടത്തിലാണ് വിവരങ്ങൾ അറിഞ്ഞതെന്ന് ഒരു ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു. അലോപ്പതിയിൽ ചികിത്സ നടത്തിയാൽ ഭേദമാകില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ഥാപനം ചികിത്സ നടത്തിയത്. ദിവസവും 300 മില്ലിലിറ്റർ വെളളവും നാല് ഈത്തപ്പഴവും മാത്രം കഴിച്ചാൽ രോഗം പൂർണമായി ഭേദമാകുമെന്നാണ് അക്യുപങ്‌ചറിസ്റ്റ് ഹാജിറയോട് പറഞ്ഞിരുന്നതെന്നും ബന്ധു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
യുവതിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഷാഫി പറമ്പില്‍ എംപിക്കും കുടുംബം നിവേദനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |