മുംബയ്: അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. മഹാരാഷ്‌ട്രയിലെ നവിമുംബയിലാണ് സംഭവം. ജാഗ്രണി (32) ആണ് കൊല്ലപ്പെട്ടത്. യുവതി ആത്മഹത്യ ചെയ്‌തതാണെന്ന് വരുത്തിത്തീർക്കാൻ ഭർത്താവ് രാജ്‌കുമാർ രാംശിരോമണി സാഹു (35) ശ്രമിച്ചെങ്കിലും സാക്ഷിമൊഴിയാണ് വഴിത്തിരിവായത്.
ഈ മാസം 25ന് പുലർച്ചെയായിരുന്നു സംഭവം. ജാഗ്രണിയുടെ കൈകാലുകൾ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് രാജ്‌കുമാർ തീകൊളുത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുംവഴിയാണ് യുവതി മരിച്ചത്. ഭാര്യ മുറിയിൽ കയറി വാതിലടച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് രാജ്‌കുമാർ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്‌തു. എന്നാൽ, പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ്‌കുമാർ പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, രാജ്‌കുമാറിന്റെയും ജാഗ്രണിയുടെയും മകളായ ഏഴുവയസുകാരിയുടെ മൊഴിയുമാണ് ഇതിൽ നിർണായകമായത്. അമ്മയെ അച്ഛൻ തീകൊളുത്തിയെന്നായിരുന്നു മകളുടെ മൊഴി. പിന്നാലെ രാജ്‌കുമാറിനെ 26-ാം തീയതി അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |