വയനാട്: അദ്ധ്യാപനത്തിനപ്പുറം നിസ്വാർത്ഥമായ പൊതുജനസേവനത്തിന്റെ ഉത്തമ മാതൃകയായ കെഎൻകെ മാസ്റ്റർ(90) യാത്രയായി. കെഎൻ കൃഷ്ണവാര്യരായല്ല, കെഎൻകെ മാസ്റ്ററായാണ് അദ്ദേഹത്തെ പല തലമുറകളിലുളളവർ അറിഞ്ഞത്. മൂന്ന് ദശാബ്ദത്തിലേറെക്കാലം അദ്ധ്യാപന രംഗത്തുണ്ടായിരുന്നെങ്കിലും അതിലേറെക്കാലം അതിലപ്പുറമുളള ശ്രേഷ്ഠമാതൃകകൾ കാണിച്ചു തന്നു.
കലാസാംസ്കാരിക സാമൂഹ്യപ്രവർത്തകൻ, സംഘാടകൻ, രാഷ്ട്രീയ നേതാവ്, സാമുദായിക പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം മലബാർ മേഖലയിൽ അറിയപ്പെട്ടു. കെവി ശങ്കരവാര്യരുടെയും കോഴിക്കോട് കോക്കാട് നടുവിൽ വീട്ടിൽ ലക്ഷ്മീ വാരസ്യാരുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകനായി ജനിച്ച അദ്ദേഹത്തിന്റെ ബാല്യം കഷ്ടപ്പാടുകളുടെ നടുക്കായിരുന്നു. 1937 മുതൽ 1947 വരെയുള്ള ബാല്യകാലത്ത് ബ്രിട്ടീഷ് ഭരണകാലത്തെ ഭക്ഷ്യക്ഷാമം, മലമ്പനി, ദാരിദ്ര്യം എന്നിങ്ങനെ സകല നരകയാതനകളും അനുഭവിച്ചു.
താൻ പഠിച്ച വയനാട് അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ 1956ൽ ജോലി ലഭിച്ചു. 1980 മുതൽ സ്‌കൗട്ട്സ് അദ്ധ്യാപകനായിരുന്നു. ഭാര്യയേയും കുട്ടികളെയും സ്കൗട്ട് പ്രസ്ഥാനത്തിൽ ചേർത്തുനിറുത്തി. ശാസ്ത്രമേളകളിലും കലാകായിക മത്സരങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിലും ട്രോഫികൾ നേടിയെടുക്കുവാൻ പ്രാപ്തരാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചിരുന്നു. കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ മാത്രമല്ല, അവർക്ക് സൗജന്യമായി ഭക്ഷണം നല്കുന്നതിനും മുന്നിട്ടിറങ്ങി.
സിപിഐ മാനന്തവാടി താലൂക്ക് സെക്രട്ടറി, വയനാട് ജില്ലാ അസി. സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കണ്ണൂർ ജില്ലാ കൗൺസിൽ അംഗം, എഐവൈഎഫ് താലൂക്ക് സെക്രട്ടറി, മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ് മെമ്പർ, വയനാട് ജില്ലാ ആർറ്റിഎ മെമ്പർ, അഞ്ചുകുന്ന് കോ-ഓപ്പറേറ്റീവ് സൊസ്സൈറ്റി മെമ്പർ, ക്ഷീര സൊസൈറ്റി മെമ്പർ, ജില്ലാ ഹോമിയോ ആശുപത്രി ഉപദേശക സമിതി മെമ്പർ, അഞ്ചുകുന്ന് ഗ്രാമീണ കലാസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള സംസ്ഥാന അവാർഡ് കവി കടമ്മനിട്ട രാമകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യ - പരേതയായ പിവി ഇന്ദിര ടീച്ചർ. മക്കൾ - ഡോ.കെഐ ജയശങ്കർ (കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നിയമ പഠന വിഭാഗം ഡീൻ), കെഐ സത്യൻ (ആരോഗ്യവകുപ്പ്) മരുമക്കൾ - ഇവി ചിത്ര (സ്ട്രക്‌ചറൽ എൻജിനീയർ), ജൈത്ര (സ്കൂൾ അദ്ധ്യാപിക).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |