ഓണം മലയാളികളുടെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഓണപൂക്കളം, ഓണസദ്യ, ഓണക്കളികൾ തുടങ്ങിയവയാണ് ഓണത്തിന്റെ പ്രത്യേകതകൾ. ഓണസദ്യയിൽ ഒഴിവാക്കാനാവാത്തതാണ് അച്ചാർ. വിവിധതരം അച്ചാറുകൾ നമ്മൾ ഓണസദ്യയിൽ വിളമ്പാറുണ്ട്. കൂടുതൽപ്പേരും മാങ്ങ, നാരങ്ങ, ഇഞ്ചി, നെല്ലിക്ക അച്ചാറുകളാണ് തയ്യാറാക്കാറുള്ളത്. എന്നാൽ ഇത്തവണ വ്യത്യസ്തമായൊരു അച്ചാർ ഓണസദ്യയിൽ പരീക്ഷിച്ചാലോ?
കറിവേപ്പില കൊണ്ടുള്ള അച്ചാർ എത്രപ്പേർ കഴിച്ചിട്ടുണ്ട്. അച്ചാർ തയ്യാറാക്കുമ്പോൾ കടുകും, കറിവേപ്പിലയും താളിക്കാറുണ്ടെങ്കിലും കറിവേപ്പില മാത്രം കൊണ്ടുള്ള അച്ചാർ അധികമാരും കഴിച്ചിട്ടുണ്ടാവില്ല. അതിനാൽ തന്നെ ഇത്തവണത്തെ ഓണസദ്യ വ്യത്യസ്തമാക്കാൻ കറിവേപ്പില അച്ചാർ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ഇതിനായി ആദ്യം കറിവേപ്പില കഴുകി വൃത്തിയാക്കിയതിനുശേഷം ഉണക്കിയെടുക്കണം. ശേഷം ഒരു പാത്രത്തിൽ തിളച്ച വെള്ളമെടുത്തതിനുശേഷം ഒരു കഷ്ണം വാളൻപുളി ചേർത്ത് അതിൽ കറിവേപ്പില കുതിരാനായി ഇട്ടുവയ്ക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കിയതിനുശേഷം മൂന്ന് ടേബിൾ സ്‌പൂൺ എള്ളെണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിൽ ഉലുവ, ജീരകം, കടലപ്പരിപ്പ് എന്നിവ ചേർക്കണം. മൂത്ത് വരുമ്പോൾ വെളുത്തുള്ളി ചേർത്ത് വഴറ്റണം. ഇതിലേയ്ക്ക് കറിവേപ്പില ചേർത്തുകൊടുക്കാം.
കറിവേപ്പില മൊരിഞ്ഞു വരുമ്പോൾ ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റണം. ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കണം. തണുത്തതിനുശേഷം ഇത് ഒരു മിക്‌സി ജാറിലേയ്ക്ക് മാറ്റി നേരത്തെ തയ്യാറാക്കിയ പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കണം. ഇത് ഒരു പാനിലേയ്ക്ക് മാറ്റി കുറച്ച് എള്ളെണ്ണ കൂടി ചേർത്ത് ചൂടാക്കിയെടുക്കണം. അവസാനമായി ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയത് കൂടി ചേർത്തുകൊടുക്കാം. ഇതിലേയ്ക്ക് കായപ്പൊടി ചേർത്ത് യോജിപ്പിക്കണം. അൽപ്പം വിനാഗിരി, ശർക്കര എന്നിവകൂടി ചേർത്താൽ രുചി കൂടും. അച്ചാർ ഗ്ളാസ് കുപ്പിയിലാക്കി സൂക്ഷിച്ചുവയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |