കാസർകോട്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാസർകോട് റോഡ് ട്രാൻസ്‌പോർട്ട് ഓഫീസിലെ സംഘമാണ് അന്വേഷണം നടത്തിയത്. ബസിന്റെ ടയറുകൾ തേഞ്ഞ് തീർന്നത് അപകടത്തിന്റെ ആഘാതം കൂട്ടിയതായി പരിശോധനയിൽ കണ്ടെത്തി. ബസിന്റെ ബ്രേക്കിന് പ്രശ്നമില്ലായിരുന്നുവെന്നും പരിശോധയിൽ തെളിഞ്ഞു.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെയും കണ്ടക്‌ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവർ നിജലിംഗപ്പയ്‌ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. 14 വർഷമായി കർണാടക ആർടിസിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ഇയാൾ. കഴിഞ്ഞ മൂന്ന് വർഷമായി കാസർകോട്-മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നു. ഓഗസ്റ്റ് എട്ടിന് അപകടത്തിൽപ്പെട്ട ബസിന്റെ ഫിറ്റ്‌നെസ് പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. അതിനാൽതന്നെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകാൻ സാദ്ധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. ബസിന്റെ അമിതവേഗതയും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് കർണാടക ആർടിസി എംഡി ഇന്നലെ പുറപ്പെടുവിച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരിക്കേറ്റവരുടെ ചികിത്സ കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് കാസർകോട്ടേക്ക് അമിത വേഗത്തിൽ വന്ന ബസ് ഓട്ടോറിക്ഷയിലേയ്ക്കും പിന്നാലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്കും ഇടിച്ചുകയറുകയായിരുന്നു. ഓട്ടോ ഡ്രൈവറും അതിലെ യാത്രക്കാരായ യുവതിയും രണ്ടു സ്ത്രീകളും ബസ് സ്റ്റോപ്പിൽ നിന്ന മറ്റു രണ്ടു സ്ത്രീകളുമാണ് മരിച്ചത്. മംഗളുരു കൊട്ടക്കാർ അജിനടുക്ക മുള്ളുഗഡ്ഡെയിലെ പൊടിയബയുടെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ ഹൈദർ അലി (47), ബി സി റോഡ് ഫറങ്കിപേട്ടേയിലെ അബ്ദുൽ ഖാദറിന്റെ ഭാര്യ അവ്വമ്മ (72), കൊട്ടക്കാർ അജിനടുക്കയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൾ ഖദീജ (60), കൊട്ടക്കാർ അജിനടുക്കയിലെ ശാഹുൽ ഹമീദിന്റെ മകൾ ഹസ്ന (11), മുഹമ്മദിന്റെ ഭാര്യ നഫീസ (52) ഇവരുടെ മകൾ ആയിഷ ഫിദ ( 19) എന്നിവരാണ് മരിച്ചത്. ബസ് കാത്തുനിന്ന കാസർകോട് പെരുമ്പളയിലെ ലക്ഷ്മി (61) ഇവരുടെ മകൻ സുരേന്ദ്ര (39) എന്നിവരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. മഞ്ചേശ്വരം പൊലീസാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |